ബെംഗളൂരു: ബുധനാഴ്ച വൈകുന്നേരമുണ്ടായ കനത്ത മഴയില്‍ ബെംഗളൂരു നഗരത്തില്‍ വെള്ളപ്പൊക്കം. ബെല്ലന്‍ഡൂരിലെ ഐടി സോണ്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വെള്ളം കയറി.
നഗരത്തിന്‍റെ വടക്ക് ഭാഗത്തുള്ള രാജമഹല്‍ ഗുട്ടഹള്ളിയില്‍ 59 മില്ലീമീറ്റര്‍ മഴ രേഖപ്പെടുത്തിയതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത മൂന്ന് ദിവസത്തേക്ക് നഗരത്തില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. മാന്‍ഹോളുകളിലേക്കും ബേസ്മെന്‍റ് പാര്‍ക്കിംഗ് സ്ഥലങ്ങളിലേക്കും വെള്ളം ഒഴുകുന്നതിന്‍റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. നിരവധി വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ബെംഗളൂരുവിലെ ഏറ്റവും തിരക്കേറിയ സമയമായ രാത്രി 7.30 ഓടെയാണ് മഴ പെയ്തത്.
കഴിഞ്ഞ മാസവും മൂന്ന് ദിവസം തുടര്‍ച്ചയായി പെയ്ത മഴയെ തുടര്‍ന്ന് അപ്രതീക്ഷിതമായി ഇവിടെ വെള്ളപ്പൊക്കമുണ്ടായി. വിദ്യാലയങ്ങള്‍ അടച്ചു. പല കമ്ബനികളും ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം എടുക്കാന്‍ അനുവദിച്ചിട്ടുണ്ട്.