ഡല്‍ഹി: രാജ്യസഭാ എംപി സ്വാതി മാലിവാളിനെ ആക്രമിച്ച സംഭവത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്.
വിഷയത്തില്‍ വേണ്ടത് നിഷ്പക്ഷമായ അന്വേഷണമാണ്, സംഭവത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും ജയറാം പറഞ്ഞു.
” ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ തെരഞ്ഞെടുപ്പ് കർഷകർക്കും സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും വേണ്ടിയുള്ളതാണ്. ഞങ്ങള്‍ അവരുടെ പ്രശ്‌നങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഈ വിഷയങ്ങളില്‍ നിന്ന് കോണ്‍ഗ്രസിന്റെ ശ്രദ്ധ തിരിക്കണമെന്നും കോണ്‍ഗ്രസ് എന്തെങ്കിലും പറയണമെന്നും ബിജെപി ആഗ്രഹിക്കുന്നുണ്ട്. ബിഭവ് കുമാറിന്റെ കാര്യത്തില്‍ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കില്‍, ശരിയായതും നിഷ്പക്ഷവുമായ അന്വേഷണം ആവശ്യമാണ് ” അദ്ദേഹം പറഞ്ഞു.
ഇതിനിടെ അരവിന്ദ് കെജ്‍രിവാളിന്‍റെ വസതിയില്‍ സ്ഥാപിച്ച സിസിടിവി ക്യാമറകളുടെ ഡിവിആർ ഡല്‍ഹി പൊലീസ് കണ്ടെടുത്തു. ആംആദ്മി പാർട്ടിയുടെ പ്രതിച്ഛായ തകർക്കാൻ പൊലീസുകാർ കഥകള്‍ മെനയുകയാണെന്നും പാർട്ടി ആരോപിച്ചു.
മെയ് 13 ന് കെജ്രിവാളിനെ കാണാൻ മുഖ്യമന്ത്രിയുടെ വസതിയില്‍ പോയപ്പോള്‍ കെജ്രിവാളിന്റെ സഹായി ബിഭവ് കുമാർ തന്നെ ആക്രമിച്ചതായാണ് രാജ്യസഭാംഗമായ മാലിവാളിന്റെ ആരോപണം. എന്നാല്‍ ബിഭവ് കുമാർ ആരോപണങ്ങള്‍ തള്ളിക്കളയുകയും കെജ്രിവാളിനെ കള്ളക്കേസില്‍ കുടുക്കാൻ ബി.ജെ.പിയുടെ നിർദേശപ്രകാരം മാലിവാള്‍ പ്രവർത്തിക്കുകയാണെന്ന് അവകാശപ്പെടുകയും ചെയ്തു. കുമാറിനെ ശനിയാഴ്ച അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി, അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
കഴിഞ്ഞ ദിവസം പ്രവേശന കവാടങ്ങളിലും അതിർത്തി ഭിത്തികളിലും സ്ഥാപിച്ച ക്യാമറകളുടെ ഡിവിആർ പിടിച്ചെടുത്തിരുന്നു. ഇന്ന് വീടിന്റെ മറ്റ് ഭാഗങ്ങളില്‍ സ്ഥാപിച്ച ക്യാമറകളുടെ ഡിവിആറാണ് പിടിച്ചെടുത്തത്.
സിസിടിവി ദൃശ്യങ്ങള്‍ ഇല്ലാതാക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് പൊലീസ് കഥകള്‍ നട്ടുപിടിപ്പിക്കുകയാണെന്ന് എഎപി നേതാവ് സൗരഭ് ഭരദ്വാജ് ആരോപിച്ചു.