ന്യൂഡല്‍ഹി
ബിജെപിയിതര പാര്‍ടികള്‍ ഭരിക്കുന്ന മിക്ക സംസ്ഥാനങ്ങളിലും സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ കുത്തിത്തിരിപ്പുമായി ഗവര്‍ണര്‍മാര്‍ സജീവം.
പഞ്ചാബ്, തെലങ്കാന, തമിഴ്നാട്, രാജസ്ഥാന്‍, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാര്‍ എല്ലാ അതിരും ലംഘിച്ച് അനാവശ്യ ഇടപെടലുകള്‍ നടത്തി. നിയമസഭയുടെ കാര്യപരിപാടി മുന്‍കൂട്ടി തന്നെ അറിയിക്കണമെന്നാണ് പഞ്ചാബ് ഗവര്‍ണര്‍ ബെന്‍വാരിലാല്‍ പുരോഹിത് ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ ഇതിന് വിസമ്മതിച്ചതിനെത്തുടര്‍ന്ന് നിയമസഭ വിളിച്ചുകൂട്ടാനുള്ള വിജ്ഞാപനം ഇറക്കാന്‍ ഗവര്‍ണര്‍ തയ്യാറായില്ല. സുപ്രീംകോടതിയെ സമീപിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചപ്പോള്‍ രാത്രി തിരക്കിട്ട് ഗവര്‍ണര്‍ വിജ്ഞാപനത്തില്‍ ഒപ്പിട്ടു.
ബിജെപി നേതാവും നാഗ്പുരില്‍നിന്നുള്ള ലോക്സഭാ അംഗവുമായിരുന്ന പുരോഹിത് 2017–-21ല്‍ തമിഴ്നാട് ഗവര്‍ണറായിരിക്കെ സംസ്ഥാനഭരണത്തില്‍ തുടര്‍ച്ചയായി ഇടപെട്ടു. ഡിഎംകെ സര്‍ക്കാര്‍ വന്നശേഷം ഗവര്‍ണര്‍–- സര്‍ക്കാര്‍ ഏറ്റുമുട്ടല്‍ പരസ്യമായി. പുരോഹിതിനെ പഞ്ചാബിലേക്ക് മാറ്റി തമിഴ്നാട്ടില്‍ പകരം നിയമിച്ച ആര്‍ എന്‍ രവിയും മുന്‍ഗാമിയുടെ പാതയിലാണ്. ചാന്‍സലര്‍ പദവി ഗവര്‍ണറില്‍നിന്ന് എടുത്തുമാറ്റാനുള്ള ബില്‍ തമിഴ്നാട് നിയമസഭ പാസാക്കി. മുഖ്യമന്ത്രിയെ ചാന്‍സലറാക്കാനുള്ള ബില്ലില്‍ ഒപ്പിടാതെ ഗവര്‍ണര്‍ പിടിച്ചുവച്ചിരിക്കുകയാണ്.
തമിഴിസെെ സൗന്ദരരാജന്‍ ബിജെപി തമിഴ്നാട് ഘടകം പ്രസിഡന്റ് ആയിരിക്കെയാണ് തെലങ്കാന ഗവര്‍ണറായി നിയമിക്കപ്പെട്ടത്. കെ ചന്ദ്രശേഖരറാവു സര്‍ക്കാരിനെതിരെ ഗവര്‍ണര്‍ നടത്തിയ രാഷ്ട്രീയസ്വഭാവമുള്ള പരാമര്‍ശങ്ങള്‍ രാജ്ഭവനും മന്ത്രിസഭയും തമ്മിലുള്ള ബന്ധം വഷളാക്കി. ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി നിയമസഭയില്‍ ഗവര്‍ണര്‍ നടത്തുന്ന പ്രസംഗം ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
രാജസ്ഥാനിലും സര്‍വകലാശാലകളുടെ ഭരണകാര്യങ്ങളില്‍ ഗവര്‍ണര്‍ കല്‍രാജ് മിശ്ര തുടര്‍ച്ചയായി നടത്തിയ ഇടപെടല്‍ സര്‍ക്കാരുമായുള്ള ഏറ്റുമുട്ടലിനു കാരണമായി. ഹരിദേവ് ജോഷി ജേര്‍ണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍ സര്‍വകലാശാല വിസി യോഗ്യത ഭേദഗതി ചെയ്തുള്ള സര്‍ക്കാര്‍ ബില്‍ ഗവര്‍ണര്‍ മടക്കി. ഉപരാഷ്ട്രപതി ജഗ്ദീപ് ദന്‍ഖര്‍ ബംഗാള്‍ ഗവര്‍ണറായിരിക്കെ സംസ്ഥാന സര്‍ക്കാരുമായി ദൈനംദിനം സംഘര്‍ഷത്തിലായിരുന്നു.