ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ നല്‍കിയ ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത് സുപ്രീംകോടതി ഡിസംബര്‍ ആറിലേക്കു മാറ്റി.
ചീഫ് ജസ്റ്റീസ് യു.യു. ലളിത്, ജസ്റ്റീസുമാരായ രവീന്ദ്ര ഭട്ട്, ബേല എം. ത്രിവേദി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്‍റേതാണു നടപടി.
2019ലെ പൗരത്വ ഭേദഗതി നിയമത്തിനെതിരേ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് നല്‍കിയ ഹര്‍ജി പ്രധാന പരാതിയായി പരിഗണിക്കാനും കോടതി തീരുമാനിച്ചു. അടുത്ത വാദത്തിനു മുന്‍പായി ഹര്‍ജികളെല്ലാം ഏകീകരിക്കുന്നതിനായി രണ്ട് അഭിഭാഷകരെയും കോടതി നിയോഗിച്ചു.
പൗരത്വ ഭേദഗതി നിയമത്തിന്‍റെ സാധുത ചോദ്യംചെയ്തുകൊണ്ടുള്ള 232 ഹര്‍ജികളാണ് ഉണ്ടായിരുന്നത്.
എന്നാല്‍, ഒന്നിലധികം പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന വിവിധ വിഷയങ്ങള്‍ ഹര്‍ജികളിലുള്ളതിനാല്‍, അവയില്‍ രണ്ടുമൂന്നു കാര്യങ്ങള്‍ പ്രധാന വിഷയങ്ങളായി പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.
ഒരേ വിഷയത്തിലുള്ള ഹര്‍ജികള്‍ ഏകീകരിക്കാനാണ് അഭിഭാഷകരായ പല്ലവി പ്രതാപിനെയും കനു അഗര്‍വാളിനെയും നോഡല്‍ ഓഫീസര്‍മാരായി നിയമിച്ചത്.
ആസാം, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉന്നയിക്കുന്ന അന്‍പതിലധികം ഹര്‍ജികള്‍ പ്രത്യേകം തരംതിരിക്കണമെന്ന് ബെഞ്ച് നിര്‍ദേശിച്ചു.