കൊന്നത് കഴുത്ത് മുറുക്കി
കൊച്ചി: എറണാകുളം എളംകുളത്ത് വാടകവീട്ടില്‍ കൊല്ലപ്പെട്ട യുവതി ലക്ഷ്മിയല്ല, നേപ്പാള്‍ സ്വദേശി ഭാഗീരഥിയെന്ന് (35) പൊലീസ് കണ്ടെത്തി.
മൂന്നുവര്‍ഷം മുമ്ബ് കൊച്ചിയിലെത്തിയ ഇവര്‍ ലക്ഷ്മിയെന്ന വ്യാജ പേരിലാണ് പൊലീസ് അന്വേഷിക്കുന്ന റാം ബഹാദൂര്‍ ബിസ്തി (46)ക്കൊപ്പം താമസിച്ചിരുന്നത്.
ഫോണ്‍ നമ്ബര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്. ഭാഗീരഥി കൊല്ലപ്പെട്ട വിവരം പൊലീസ് ബന്ധുക്കളെ അറിയിച്ചു. ഇവര്‍ അടുത്ത ദിവസം കൊച്ചിയില്‍ എത്തിയേക്കും. റാം ബഹാദൂറിനൊപ്പമാണ് ഭാഗീരഥി കഴിഞ്ഞിരുന്നതെന്ന് ബന്ധുക്കള്‍ക്ക് അറിയാമായിരുന്നു. ഒളിവില്‍ കഴിയുന്ന റാം ബഹാദൂറിനെക്കുറിച്ചുള്ള വിവരങ്ങള്‍ ബന്ധുക്കള്‍ കൈമാറി. ഉടന്‍ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.
എളംകുളം രവീന്ദ്രന്‍ റോഡില്‍ പരേതനായ റിട്ട. പൊലീസ് ഉദ്യോഗസ്ഥന്‍ ടി.കെ. നാരായണന്റെ വീടിനോട് ചേര്‍ന്ന ഒറ്റമുറിയിലാണ് പ്ളാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞ നിലയില്‍ കഴിഞ്ഞ ദിവസം മൃതദേഹം കണ്ടെത്തിയത്.
കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. എറണാകുളം എ.സി.പി രാജ്കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കേസന്വേഷണം.
ആകെ ദുരൂഹത
ഭാഗീരഥിയും റാം ബഹാദൂറും വ്യാജ പേരില്‍ എന്തിന് കൊച്ചിയില്‍ തമ്ബടിച്ചു, മറ്രെന്തെങ്കിലും ദുരൂഹത ഇതിന് പിന്നിലുണ്ടോ, ഇവരുടെ സാമ്ബത്തിക ഇടപാടുകള്‍ തുടങ്ങിയ കാര്യങ്ങളുടെ ചുരുളഴിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.