തിരുവനന്തപുരം: കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍ 22 ശതമാനവും 25 ശതമാനത്തില്‍ താഴെ വിജയമുള്ളവയാണ്.
സാങ്കേതിക സർവകലാശാല ഫൈനല്‍ ബി.ടെക് പരീക്ഷാഫലം പുറത്തുവന്നപ്പോഴാണ് ഇപ്പോഴും ഒട്ടേറെ കോളേജുകള്‍ മോശം അക്കാഡമിക് നിലവാരത്തിലാണെന്ന കണക്ക് പുറത്തുവന്നത്.
സർവകലാശാലയ്ക്ക് കീഴിലുള്ള 128 കോളേജുകളില്‍ 26 എണ്ണത്തിലും വിജയശതമാനം 25 ശതമാനത്തില്‍ താഴെയാണ്. ആറ് കോളേജുകളുടെ വിജയം പത്ത് ശതമാനത്തില്‍ താഴെയാണ്. തലസ്ഥാനത്തെ ഒരു കോളേജില്‍ സമ്ബൂർണ പരാജയമാണ്.
ഒൻപത് കോളേജുകളുടെ വിജയം 15 ശതമാനത്തില്‍ താഴെയും. 17 കോളേജുകള്‍ 20 ശതമാനത്തില്‍ താഴെയുമാണ്. 36 കോളേജുകളിലെ വിജയം 30 ശതമാനത്തില്‍ താഴെയാണ്.
56 കോളേജുകളുടെ വിജയം 40 ശതമാനത്തില്‍ താഴെയും 77 കോളേജുകള്‍ 50 ശതമാനത്തില്‍ താഴെയും വിജയമുള്ളവയാണ്. സർവകലാശാലയില്‍ ഈ വർഷത്തെ മൊത്തം വിജയശതമാനം 53.03 ശതമാനമാണ്. 51 കോളേജുകള്‍ 50 ശതമാനത്തിന് മുകളില്‍ വിജയം നേടി.
24 കോളജുകള്‍ക്ക് 60 ശതമാനത്തിന് മുകളില്‍ വിജയം നേടാനായി. 15 കോളേജുകള്‍ക്ക് 70 ശതമാനത്തിന് മുകളിലും രണ്ട് കോളേജുകള്‍ക്ക് 80 ശതമാനത്തിന് മുകളിലും വിജയമുണ്ട്.
കഴിഞ്ഞവർഷം ഏഴ് കോളേജുകള്‍ക്കാണ് 80 ശതമാനത്തിന് മുകളില്‍ വിജയമുണ്ടായിരുന്നത്. 14 കോളേജുകള്‍ക്ക് 70 ശതമാനത്തിന് മുകളിലും 26 കോളേജുകള്‍ക്ക് 60 ശതമാനത്തിന് മുകളിലും ജയമുണ്ടായിരുന്നു.
നാലുപതിറ്റാണ്ടായി തുടരുന്ന എൻട്രൻസ് പരീക്ഷായോഗ്യത ഒഴിവാക്കി, പ്ലസ്ടു 45%മാർക്കോടെ ജയിക്കുന്നവർക്ക് എൻജിനിയറിംഗ് പ്രവേശനം നല്‍കാൻ അടുത്തിടെ സർക്കാർ തീരുമാനിച്ചിരുന്നു.
സർക്കാർ നിയന്ത്രിത, സ്വകാര്യ സ്വാശ്രയ മേഖലയിലുള്ള 130കോളേജുകളിലാണ് എൻട്രൻസ് കമ്മിഷണറുടെ അലോട്ട്മെന്റിനു ശേഷം ഒഴിവുണ്ടാവുന്ന സീറ്റുകളില്‍ എൻട്രൻസില്ലാത്ത പ്രവേശനം.
പഠിക്കാൻ കുട്ടികളില്ലാതെ സീറ്റുകള്‍ കാലിയാവുന്നതിനാല്‍ മാനേജ്മെന്റുകളുടെ ആവശ്യം പരിഗണിച്ചാണ് ഈ ഇളവ്. ഇതടക്കം എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരത്തില്‍ വെള്ളംചേർക്കുമെന്നാണ് ആശങ്ക.
പ്ലസ്ടു മാർക്കും എൻട്രൻസ് പരീക്ഷയിലെ സ്കോറും തുല്യമായി പരിഗണിച്ചാണ് എൻജിനിയറിംഗ് പ്രവേശനത്തിനുള്ള റാങ്ക്പട്ടിക തയ്യാറാക്കുന്നത്. 480 മാർക്ക് വീതമുള്ള രണ്ട് പേപ്പറുകളിലോരോന്നിലും 10 മാർക്കെങ്കിലും കിട്ടിയാലേ റാങ്ക്പട്ടികയിലുള്‍പ്പെടൂ. ഇതുപോലും ലഭിക്കാതെ പരാജയപ്പെടുന്നവർക്കും എൻട്രൻസ് പരീക്ഷയെഴുതാത്തവർക്കും ഇനി സ്വാശ്രയ സീറ്റുകളില്‍ പ്രവേശനം കിട്ടും.
ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങള്‍ പഠിച്ച് പ്ലസ്ടുവിന് 45 ശതമാനം മാർക്കോടെ വിജയമാണ് പ്രവേശനത്തിനുള്ള എ.ഐ.സി.ടി.ഇ മാനദണ്ഡം. സാങ്കേതിക സർവകലാശാലയില്‍ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയ്ക്ക് 45% വീതം മാർക്കും മൂന്നുംകൂടി ചേർന്ന് 50% മാർക്കും വേണം.
സർക്കാർ ഉത്തരവില്‍ എ.ഐ.സി.ടി.ഇ മാനദണ്ഡപ്രകാരം പ്രവേശനം അനുവദിച്ചതിനാല്‍ പ്ലസ്ടു മാർക്കിന്റെ യോഗ്യതയിലും ഇളവായിട്ടുണ്ട്.
പ്ലസ്ടുവിന് ഓരോവിഷയത്തിനും 60മാർക്കിന്റെ എഴുത്തുപരീക്ഷയില്‍ വിജയിക്കാൻ 18 മാർക്കാണ് വേണ്ടത്. 40 മാർക്ക് പ്രാക്ടിക്കലും നിരന്തര മൂല്യ നിർണയത്തിനുമാണ്. എൻജിനിയറിംഗ് പ്രവേശനത്തിനുള്ള യോഗ്യത നേടാൻ (45%) 27മാർക്ക് മതിയാവും.
ഫിസിക്സ്, കെമിസ്ട്രി ചേർന്നുള്ള ഒന്നാംപേപ്പറും കണക്കിന്റെ രണ്ടാം പേപ്പറുമാണ് എൻട്രൻസ് പരീക്ഷയിലുള്ളത്. 480 മാർക്കിന്റെ ഓരോ പേപ്പറിനും 10 മാർക്കെങ്കിലും നേടാനായാല്‍ റാങ്ക് പട്ടികയില്‍ ഉള്‍പ്പെടാം.
ശരിയുത്തരത്തിന് നാലും തെറ്റിന് ഒരു നെഗറ്റീവ് മാർക്കുമാണ്. 3 ഉത്തരം ശരിയാക്കിയാല്‍ റാങ്ക്‌ലിസ്റ്റിലുണ്ടാവും.