പ്രായപരിധി നിബന്ധന കര്‍ശനമാക്കാന്‍ സിപിഐ. ദേശീയ കൗണ്‍സിലിലേക്കുള്ള പ്രായപരിധിയില്‍ ആര്‍ക്കും ഇളവ് നല്‍കില്ല.
75 വയസ്സ് കഴിഞ്ഞവരെ ദേശീയ കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കും. ഇതോടെ കേരളത്തില്‍ നിന്ന് കെ.ഇ.ഇസ്മയില്‍ ഉള്‍പ്പെടെ പുറത്തു പോകുമെന്ന് ഉറപ്പായി. കൗണ്‍സില്‍ അംഗങ്ങള്‍ കുറവുള്ള ചില സംസ്ഥാനങ്ങള്‍ക്ക് മാത്രമാകും ഇളവ് നല്‍കുക. ഇത് വോട്ടെടുപ്പിലൂടെ തീരുമാനിക്കും എന്നാണ് സൂചന. പ്രായപരിധി കര്‍ശനമായി ഏര്‍പ്പെടുത്തുന്ന പക്ഷം മുതിര്‍ന്ന നേതാക്കളെ പ്രത്യേക ക്ഷണിതാക്കളായി ഉന്നതാധികാര സമിതിയില്‍ ഉള്‍പ്പെടുത്താന്‍ ആലോചനയുണ്ട്.
സിപിഐയുടെ ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസ് ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. ഇതാദ്യമായി പാര്‍ട്ടി പതാകക്കൊപ്പം ദേശീയ പതാകയും ഉയര്‍ത്തിയാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രതിനിധി സമ്മേളനത്തിന് തുടക്കമായത്. സ്വാതന്ത്ര്യ സമര സേനാനി എട്ടുകുറി കൃഷ്ണമൂര്‍ത്തി ദേശീയ പതാകയും മുന്‍ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി പാര്‍ട്ടി പതാകയും ഉയര്‍ത്തി. പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത ഡി.രാജ മോദി സര്‍ക്കാരിനും ആര്‍എസ്‌എസിനുമെതിരെ വിമര്‍ശനമുയര്‍ത്തി. ഇടത് ഐക്യവും ജനാധിപത്യ മതേതര കക്ഷികളുടെ ഐക്യവും ബിജെപിക്കെതിരെ ഉണ്ടാകണമെന്ന് രാജ ആവശ്യപ്പെട്ടു.