ലക്‌നൗ: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ രണ്ട് പേരെ ഏറ്റുമുട്ടലിലൂടെ കീഴ്‌പ്പെടുത്തി ഉത്തര്‍പ്രദേശ് പോലീസ്.
ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു ഏറ്റുമുട്ടല്‍. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് പോലീസ് പിടിയിലായത്.
വാഹനപരിശോധനയ്‌ക്കായി വഴിയരികില്‍ നില്‍ക്കുകയായിരുന്ന പോലീസുദ്യോഗസ്ഥര്‍ ബൈക്കില്‍ എത്തിയ രണ്ടംഗ സംഘത്തോട് നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രണ്ട് പേരും കടന്നുകളയുകയായിരുന്നു. ഗാസിയാബാദിലെ ഇന്ദിരപുരത്തായിരുന്നു സംഭവം. അക്രമികള്‍ വെടിയുതിര്‍ത്തതോടെ പോലീസ് പ്രത്യാക്രമണം നടത്തുകയും ഇരുവരെയും കീഴ്‌പ്പെടുത്തുകയും ചെയ്തു. ഒരാള്‍ ബൈക്കിന് പുറകില്‍ നിന്ന് വീണു. മറ്റൊരാള്‍ക്ക് പരിക്കേറ്റു. ഉടന്‍ തന്നെ പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
നിരവധി മോഷണക്കേസുകളിലും പിടിച്ചുപറിക്കേസുകളിലും പ്രതികളാണ് രണ്ടുപേരുമെന്ന് യുപി പോലീസ് വ്യക്തമാക്കി. രണ്ടുപേര്‍ക്കുമെതിരെ ആറിലധികം കേസുകള്‍ നിലവിലുണ്ടെന്നും ഇന്ദിരപുരം സര്‍ക്കിള്‍ ഓഫീസര്‍ സ്വതന്ത്രകുമാര്‍ പ്രതികരിച്ചു.