ന്യൂഡല്‍ഹി: രാജ്യത്ത് പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ കേരളത്തിലെ അഞ്ച് ആര്‍എസ്‌എസ് നേതാക്കള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ‘വൈ’ കാറ്റഗറി സുരക്ഷ അനുവദിച്ചു.
പിഎഫ്‌ഐയില്‍ നിന്ന് ഭീഷണിയുണ്ടാകുമെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സുരക്ഷ അനുവദിച്ചത്.
കേരളത്തില്‍ എന്‍ഐഎ നടത്തിയ റെയ്ഡില്‍ പിഎഫ്‌ഐ നേതാവായ മുഹമ്മദ് ബഷീറിന്റെ വീട്ടില്‍ നിന്നും അഞ്ച് ആര്‍എസ്‌എസ് നേതാക്കളുടെ പേരുകളടങ്ങിയ പട്ടികയും കണ്ടെത്തിയിരുന്നു. ആര്‍എസ്‌എസ് നേതാക്കളുടെ സുരക്ഷ ഉറപ്പാക്കാന്‍ അര്‍ദ്ധസൈനിക വിഭാഗത്തിന്റെ കമാന്‍ഡോകളെയും വിന്യസിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ ഒരുക്കാന്‍ തീരുമാനിച്ചത്. ആകെ പതിനൊന്ന് സുരക്ഷാ ഉദ്യോഗസ്ഥരാണ്, ഇവരില്‍ അഞ്ച് പേര്‍ സ്റ്റാറ്റിക് ഡ്യൂട്ടിക്കായും ആറുപേര്‍ വ്യക്തിഗത സുരക്ഷയ്ക്കായും പ്രവര്‍ത്തിക്കും.
യുഎപിഎ നിയമത്തിലെ മൂന്ന്, നാല് വകുപ്പുകള്‍ പ്രകാരം അഞ്ചുവര്‍ഷത്തേക്കാണ് പോപ്പുലര്‍ ഫ്രണ്ട് ഒഫ് ഇന്ത്യയ്ക്കും അനുബന്ധ സംഘടനകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്. റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍ (ആര്‍ഐഎഫ്), കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ്‌ഐ), ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ (എഐഐസി), നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍ (എന്‍സിഎച്ച്‌ആര്‍ഒ), നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍ കേരള എന്നീ അനുബന്ധ സംഘടനകളെയാണ് നിയമവിരുദ്ധമായി പ്രഖ്യാപിച്ചത്.
സംഘടനയുടെ പ്രവര്‍ത്തനം നിയമവിരുദ്ധമെന്ന് കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടിയെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം. പിഎഫ്‌ഐക്ക് അന്താരാഷ്ട്ര ഭീകരസംഘടനകളുമായുള്ള ബന്ധം തെളിഞ്ഞതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. പോപ്പുലര്‍ ഫ്രണ്ടിന്റെ സ്ഥാപക നേതാക്കളില്‍ ചിലര്‍ നിരോധിത സംഘടനകളായ സിമിയുടെയും ജമാഅത്ത് ഉല്‍ മുജാഹിദ്ദീന്‍ ബംഗ്ലാദേശി (ജെഎംബി)ന്റെയും നേതാക്കളായിരുന്നുവെന്നും കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.