ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ കേന്ദ്രങ്ങളില്‍ വീണ്ടും ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യുടെ റെയ്ഡ്.
രണ്ടാം റൗണ്ട് റെയ്ഡെന്നാണ് പ്രാഥമിക വിവരം. പിഎഫ്‌ഐക്കെതിരെ എട്ട് വ്യത്യസ്ത സംസ്ഥാനങ്ങളിലാണ് റെയ്ഡുകള്‍ നടക്കുന്നത്. നിരവധി പിഎഫ്‌ഐ അംഗങ്ങളേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇഡിയും എന്‍ഐഎയും സംസ്ഥാന പോലീസും ചേര്‍ന്ന് 100-ലധികം പിഎഫ്‌ഐ അംഗങ്ങളേയും അവരുമായി ബന്ധമുള്ളവരേയും വിവിധ കേസുകളിലായി അറസ്റ്റ് ചെയ്തിട്ടുണ്ട്.
അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ് രണ്ടാമത്തെ റെയ്ഡെന്നാണ് വിവരം. നേരത്തെ കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, ഉത്തര്‍പ്രദേശ് എന്നിവയടക്കം 15 സംസ്ഥാനങ്ങളിലായി 93 സ്ഥലങ്ങളില്‍ പിഎഫ്‌ഐയ്‌ക്കെതിരെ എന്‍ഐഎയും ഇഡിയും ചേര്‍ന്ന് പരിശോധന നടത്തിയിരുന്നു.
കര്‍ണാടകയിലെ ജില്ലാ പിഎഫ്‌ഐ പ്രസിഡന്റിനെയും എസ്ഡിപിഐ സെക്രട്ടറിയേയും പൊലീസ് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തിരുന്നു. പിഎഫ്‌ഐ ജില്ലാ പ്രസിഡന്റ് അബ്ദുള്‍ കരീം, എസ്ഡിപിഐ സെക്രട്ടറി ഷെയ്ഖ് മസ്ഖ്സൂദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതല്‍ നടപടി സ്വീകരിച്ചുവെന്നാണ് വിവരം.