അബുദാബി∙ എട്ടു വയസ്സുകാരിയെ ലൈംഗികമായി പീഡനത്തിനിരയാക്കി നാടുവിട്ട പോക്സോ കേസ് പ്രതിയെ അജ്മാനില്‍ നിന്നു പിടികൂടി കേരള പൊലീസിനു കൈമാറി.
ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് തിരുവനന്തപുരം പള്ളിക്കല്‍ സ്വദേശിയായ 23 കാരന് ഫെബിനെ കേരള പൊലീസ് യുഎഇയിലെത്തി ഏറ്റുവാങ്ങിയത്. 2018ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഇതേ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് ഇറക്കിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് ഇന്റര്‍പോളിന്റെ സഹായം തേടിയത്.
ഇന്ത്യയുടെ അഭ്യര്‍ഥന പ്രകാരം യുഎഇ പ്രതിയെ കസ്റ്റഡിയില്‍ എടുത്തു വിവരം അറിയിച്ചു. ഇതനുസരിച്ചു തിരുവനന്തപുരം റൂറല്‍ ഡിസിആര്‍ബി ഡിവൈഎസ്പി വിജുകുമാര്‍, ഇന്‍സ്പെക്ടര്‍ ശ്രീജേഷ്, ക്രൈംബ്രാഞ്ച് സബ് ഇന്‍സ്പെക്ടര്‍ വി.കെ.സന്തോഷ് എന്നിവരടങ്ങുന്ന സംഘം യുഎഇയിലെത്തി നിയമ നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിയെ ഏറ്റുവാങ്ങി.
ഇന്നലെ രാത്രി 10ന് ഷാര്‍ജയില്‍ നിന്നു തിരുവനന്തപുരത്തേക്കുള്ള വിമാനത്തില്‍ കൊണ്ടുപോയി. ഇന്നു പുലര്‍ച്ചെ നാട്ടിലെത്തുന്ന സംഘം കേസില്‍ കൂടുതല്‍ അന്വേഷണം നടത്തി പ്രതിയെ റിമാന്‍ഡ് ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കും.