വാക്സിന് നിര്‍മാണ കമ്ബനിയായ പുനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍മാരിലൊരാളായ സതീഷ് ദേശ്പാണ്ഡെക്ക് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അദാര്‍ പൂനാവാലയുടെ പേരില്‍ ഒരു വാട്സ് ആപ്പ് സന്ദേശം വന്നു.
പല അക്കൌണ്ടുകളിലേക്കായി ഒരു കോടി രൂപ ട്രാന്‍സ്ഫര്‍ ചെയ്യണം എന്നാണ് സന്ദേശത്തിലുണ്ടായിരുന്നത്. സി.ഇ.ഒയുടെ നിര്ദേശമല്ലേയെന്ന് കരുതി ഉടന്‍ തന്നെ സതീഷ് ദേശ്പാണ്ഡെ പണം അയച്ചു. എന്നാല്‍ പൂനാവാല അങ്ങനെയൊരു സന്ദേശമേ അയച്ചിട്ടില്ലെന്ന് പിന്നീട് വ്യക്തമായി. ഇതോടെയാണ് സൈബര്‍ തട്ടിപ്പ് പുറത്തറിഞ്ഞത്.
സെപ്തംബര്‍ 7നായിരുന്നു സംഭവം. പല അക്കൌണ്ടുകളിലേക്കായി കൃത്യമായി പറഞ്ഞാല്‍ 1,01,01,554 രൂപയാണ് സതീഷ് ദേശ്പാണ്ഡെ അയച്ചത്. പൂനാവാല അങ്ങനെയൊരു മെസേജ് അയച്ചിട്ടുമില്ല, ആര്‍ക്കും പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ നിര്ദേശിച്ചിട്ടുമില്ലെന്ന് പിന്നീടാണ് വ്യക്തമായത്. ഇതോടെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് പൊലീസില്‍ പരാതി നല്കി.
കമ്ബനിയുടെ ഫിനാന്‍സ് മാനേജര്‍ സാഗര്‍ കിറ്റൂര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബണ്ട്ഗാര്‍ഡന്‍ പൊലീസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു. ഐപിസി 419, 420, 34, വിവിധ ഐടി വകുപ്പുകള്‍ എന്നിവ ചുമത്തിയാണ് കേസെടുത്തത്. വാട്സ്ആപ്പ് സന്ദേശം അയച്ചവരെയും പണമെത്തിയ ബാങ്ക് അക്കൗണ്ട് ഉടമകളെയും കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്. വാട്സ്ആപ്പ്, മെസഞ്ചര്‍ അക്കൌണ്ടുകള്‍ ഹാക്ക് ചെയ്തും വ്യാജ അക്കൌണ്ടുകള്‍ ഉണ്ടാക്കിയും പണം തട്ടുന്ന സംഘങ്ങള്‍ വ്യാപകമാവുകയാണ്.