കോട്ടയം: തെരുവുനായ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ റാന്നി പെരുനാട് മന്ദപ്പുഴ സ്വദേശിനി അഭിരാമി (12) മരിച്ചു.
കോട്ടയം മെഡിക്കല്‍ കോളേജിലെ കുട്ടികളുടെ ആശുപത്രിയുടെ തീവപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കൈയിലും കാലിലും കണ്ണിലുമായി ഏഴിടത്താണ് കടിയേറ്റത്. പേപ്പട്ടി വിഷബാധയ്ക്കുള്ള വാക്സിന്‍്റെ മൂന്ന് കുത്തിവയ്പുകളും എടുത്തുവെങ്കിലും ആരോഗ്യനില മോശമായി തുടരുകയായിരുന്നു.
കുട്ടിയുടെ സ്രവങ്ങള്‍ പൂനൈ വൈറോളജി ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു. നാളെ പരിശോധനാഫലം വരാനിരിക്കെയാണ് മരണം. ഓഗസ്റ്റ് 13-നാണ് അഭിരാമിയ്ക്ക് തെരുവ് നായയുടെ കടിയേറ്റത്. വീട്ടിലേക്ക് പാല്‍ വാങ്ങുന്നതിനായി കാര്‍മല്‍ എന്‍ ജിനീയറിങ് കോളേജ് റോഡിലൂടെ നടന്നു പോവുകയായിരുന്നു അഭിരാമി. ഈ സമയം പിന്നിലൂടെ ഓടിയെത്തിയ തെരുവുനായ കാലില്‍ കടിക്കുകയായിരുന്നു. കടിയേറ്റ് താഴെ വീണപ്പോള്‍ അഭിരാമിയുടെ കൈയിലും ഇടതുകണ്ണിലും കടിക്കുകയായിരുന്നു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്ന് ആദ്യത്തെ വാക്സീന്‍ എടുത്തു. രണ്ട് വാക്സീന്‍ പെരുനാട് കുടുംബ ആരോഗ്യ കേന്ദ്രത്തില്‍ നിന്നുമാണ് സ്വീകരിച്ചത്. നാലാമത്തെ വാക്സീന്‍ ഈ മാസം 10ന് എടുക്കണമെന്ന് ആശുപത്രിയില്‍ നിന്ന് അറിയിച്ചിരുന്നു.
കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വ്യാഴാഴ്ച പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടു പോയി. എക്സ്റേ എടുത്ത ശേഷം കുഴപ്പമില്ലെന്നു പറഞ്ഞ് വീട്ടില്‍ വിട്ടു. വൈകിട്ട് കുട്ടിയുടെ നില കൂടുതല്‍ വഷളായി. വായില്‍ നിന്നു പത വരികയും ദൃഷ്ടി മുകളിലേക്ക് മറഞ്ഞു തുടങ്ങുകയും ചെയ്തു. ഉടന്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. സ്ഥിതി അതീവ ഗുരുതരമാണെന്നു കണ്ടതിനെ തുടര്‍ന്ന് രാത്രി തന്നെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു. മൈലപ്ര എസ്‌എച്ച് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ് അഭിരാമി.