ന്യൂഡല്‍ഹി: പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനെ നിയമിക്കാന്‍ സുപ്രീം കോടതി കൊളീജിയം കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ കൊളീജിയത്തിന്റേതാണ് ശുപാര്‍ശ. നേരത്തെ ഗുവഹാട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് വിനോദ് ചന്ദ്രനെ നിയമിക്കാന്‍ കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നു.
ഗുവഹാട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിക്കാനുള്ള ശുപാര്‍ശ കേന്ദ്രം അംഗീകരിക്കാത്തതിനാല്‍ ആണ് സുപ്രീം കോടതി കൊളീജിയം പുതിയ ശുപാര്‍ശ നല്‍കിയത് എന്നാണ് സൂചന. ഗുവഹാട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിക്കാനുള്ള ശുപാര്‍ശയ്ക്ക് മുമ്ബ് ജസ്റ്റിസ് വിനോദ് ചന്ദ്രനെ ബോംബെ ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാന്‍ സുപ്രീം കോടതി കൊളീജിയം കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. ഈ ശുപാര്‍ശ കേന്ദ്ര നിയമ മന്ത്രാലയം മടക്കിയിരുന്നു.
രാജസ്ഥാന് ഹൈക്കോടതിയിലെ ജസ്റ്റിസ് സന്ദീപ് മേത്തയെ ഗുവഹാട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിക്കാനും സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്തിട്ടുണ്ട്.