ന്യൂഡല്‍ഹി: പഞ്ചാബിലെ ജലന്ധറില്‍ ഹിന്ദു പുരോഹിതന് കമല്‍ദീപ് ശര്‍മയെ വധിക്കാന്‍ ‘ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സ്’ നടത്തിയ ഗൂഢാലോചനയില്‍ ഒരാളെക്കൂടി പ്രതിചേര്‍ത്ത് എന്‍.ഐ.എ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു.
ഉത്തര്‍പ്രദേശിലെ മീററ്റ് സംഗത്പുര മൊഹല്ല സ്വദേശി ഗഗ്ഗു എന്ന ഗഗന്‍ദീപ് സിങ്ങിനെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സ് മേധാവി ഹര്‍ദീപ് സിങ് നിജ്ജാര്‍, ഇദ്ദേഹത്തിന്റെ സഹായി അര്‍ഷ്ദീപ് സിങ്, കമല്‍ജീത് ശര്‍മ, റാംസിങ് എന്നിവരെ എന്‍.ഐ.എ നേരത്തേ കേസില്‍ പ്രതിചേര്‍ത്തിരുന്നു. പഞ്ചാബില്‍ സാമുദായിക സൗഹാര്‍ദവും സമാധാനവും തകര്‍ക്കാന്‍ കാനഡയില്‍ നിജ്ജാറിന്റെയും അര്‍ഷ്ദീപിന്റെയും നേതൃത്വത്തില്‍ ഗൂഢാലോചന നടത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.