ന്യൂഡല്‍ഹി: ആന്‍റിബയോട്ടിക്കുകളുടെ ഉപയോഗത്തിനു നിയന്ത്രണവുമായി മെഡിക്കല്‍ ഗവേഷണ കൗണ്‍സില്‍ (ഐസിഎംആര്‍).
സാരമല്ലാത്ത പനി പോലെയുള്ള നിസാര അസുഖങ്ങള്‍ക്ക് ആന്‍റിബയോട്ടിക്കുകള്‍ ഉപയോഗിക്കരുതെന്നും ആന്‍റിബയോട്ടിക്ക് ഉപയോഗത്തിന് ഡോക്ടര്‍മാര്‍ കൃത്യമായ സമയപരിധി നിശ്ചയിക്കണമെന്നുമാണ് ഐസിഎംആറിന്‍റെ നിര്‍ദേശം.
ചര്‍മത്തിനെയും, മൃദു കോശങ്ങളെയും (സോഫ്റ്റ് ടിഷ്യു) ബാധിക്കുന്ന അണുബാധകള്‍ക്ക് അഞ്ചു ദിവസവും ന്യൂമോണിയ ബാധിതര്‍ക്ക് അഞ്ചുമുതല്‍ ഏഴു ദിവസം വരെയുമാണ് ആന്‍റിബയോട്ടിക്കുകള്‍ നല്‍കേണ്ടതെന്ന് ഐസിഎംആറിന്‍റെ നിര്‍ദേശത്തില്‍ പറയുന്നു. ആന്‍റിബയോട്ടിക്കുകളുടെ അശാസ്ത്രീയമായ ഉപയോഗം ശരീരത്തില്‍ ആന്‍റിമൈക്രോബിയല്‍ പ്രതിരോധം തീര്‍ക്കുന്നതു ചികിത്സയ്ക്കു വെല്ലുവിളിയാകുമെന്നാണ് ഐസിഎംആറിന്‍റെ കണ്ടെത്തല്‍. ഇക്കാരണത്താന്‍ നിസാരമായ അസുഖങ്ങള്‍ക്ക് ആന്‍റിബയോട്ടിക്കുകള്‍ ഉപയോഗിക്കരുതെന്നും അംഗീകൃത മെഡിക്കല്‍ പരിശീലകന്‍റെ മേല്‍നോട്ടത്തില്‍ മാത്രമേ ആന്‍റിബയോട്ടിക്കുകള്‍ ഉപയോഗിക്കാവൂ എന്നുമാണ് ഐസിഎംആറിന്‍റെ നിര്‍ദേശം.