സിനിമ,സീരിയല്‍, നാടക നടന് വി പി ഖാലിദ് അന്തരിച്ചു. വൈക്കത്ത് സിനിമ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ചാണ് മരണം. ഫോര്‍ട്ട് കൊച്ചി ചുള്ളിക്കല്‍ സ്വദേശിയാണ്. ആലപ്പി തിയറ്റഴ്സ് അംഗമായിരുന്ന ഖാലിദ് അറിയപ്പെടുന്ന ഗായകനുമായിരുന്നു.
നൃത്തം, അഭിനയം, മാജിക്, നാടകരചന, സംവിധാനം, മേക്കപ്പ് തുടങ്ങി ഏറെ കലാമേഖലകളില്‍ പ്രാവീണ്യമുള്ള വി പി ഖാലിദ് കൊച്ചിന് നാഗേഷ് എന്നാണ് അറിയപ്പെട്ടിരുന്നത്. മഴവില്‍ മനോരമയിലെ മറിമായത്തിലൂടെ ആണ് സുമേഷെന്ന കഥാപാത്രവും പേരും ഖാലിദിനെ ഏറെ പ്രശസ്തനാക്കുന്നത്. പ്രൊഫഷണല്‍ നാടകരംഗത്ത് കൊച്ചിന് സനാതനയുടെ ‘എഴുന്നള്ളത്ത്’ ആലപ്പി തിയറ്റേഴ്സിന്റെ ‘ഡ്രാക്കുള’, അഞ്ചാം തിരുമുറിവ് എന്നിങ്ങനെ പല സൂപ്പര്‍ഹിറ്റ് നാടകങ്ങളിലും വേഷമിട്ടിരുന്നു.
ഫോര്‍ട്ട് കൊച്ചിയില്‍ നിന്നുള്ള ആംഗ്ലോ ഇന്ത്യന്‍ സ്വാധീനം വെസ്റ്റേണ്‍ ഡാന്‍സിലേക്ക് നയിച്ചു. റോക്ക് & റോള്‍, ട്വിസ്റ്റ് നൃത്ത ശൈലികളൊക്കെ അഭ്യസിച്ച ഖാലിദ്, ആദ്യകാല മാജിക് ആചാര്യനായ വാഴക്കുന്നം നമ്പൂതിരിയില്‍ നിന്നും മാജിക്കും അഭ്യസിച്ചിരുന്നു. സൈക്കിള്‍ യജ്ഞക്യാമ്പില്‍ റെക്കോര്‍ഡ് ഡാന്‍സറായുള്ള പ്രകടനം ജനശ്രദ്ധയാകര്‍ഷിച്ചിരുന്നതിനാല്‍ സംഗീതം, നൃത്തം, പാവകളി, മാജിക്, സര്‍ക്കസ് തുടങ്ങിയ കലാരൂപങ്ങളൊക്കെ ഒത്തിണക്കി ടിക്കറ്റ് ഷോ പ്രകടനങ്ങള്‍ നടത്തിയിരുന്നു.
1973ല്‍ പിജെ ആന്റണി സംവിധാനം ചെയ്ത പെരിയാറെന്ന സിനിമയിലൂടെ ആണ് ഖാലിദ് മലയാള സിനിമയിലേക്കെത്തുന്നത്. ഏണിപ്പടികള്‍, പൊന്നാപുരം കോട്ട തുടങ്ങിയ ചിത്രങ്ങളില്‍ തുടര്‍ന്ന് അഭിനയിച്ചു. മലയാള സിനിമയിലെ ഛായാഗ്രാഹകനും സംവിധായകനുമായ ഷാജി ഖാലിദ്, ഛായാഗ്രാഹകരായ ഷൈജു ഖാലിദ്, ജിംഷി ഖാലിദ്, സംവിധായകനായ ഖാലിദ് റഹ്മാന് എന്നിവര്‍ മക്കളാണ്. മകള്‍ ജാസ്മിനും സ്കൂള്‍-കോളേജ് നൃത്തവേദികളില്‍ സജീവമായിരുന്നു.