മുംബൈ: ദീപാവലി ദിനത്തില്‍ അമ്മക്കൊപ്പം അമ്ബലത്തിലേക്ക് പോയ ഒന്നര വയസുകാരി പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
ഇതിക അഖിലേഷ് എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. മുംബൈയിലെ ആരെ കോളനയില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം.
പുലര്‍ച്ചെ 5.45 ഓടെയാണ് അമ്മയും കുട്ടിയും അമ്ബലത്തിലേക്ക് പോയത്. ക്ഷേത്രത്തിലെത്തുന്നതിന് മുമ്ബ് വഴിയില്‍ കുട്ടിയെ പുലി ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് അമ്മയുടെ നിലവിളി കേട്ട് പ്രദേശവാസികള്‍ എത്തിയതോടെ പുലി ഓടി രക്ഷപ്പെട്ടു. കുട്ടിയെ ഉടന്‍തന്നെ മാരോളിലെ സെവന് ഹില്‍സ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കഴുത്തിലേറ്റ ഗുരുതരമായ പരിക്കാണ് മരണ കാരണമെന്ന് ഡോക്ടര്‍ അറിയിച്ചു.
ദേശീയ ഉദ്യാനത്തോട് ചേര്‍ന്നുള്ള ആരെ കോളനിയില്‍ പുള്ളിപ്പുലികള്‍ ഇറങ്ങുന്നത് പതിവായിരുന്നു. കുട്ടിയുടെ അന്ത്യകര്‍മങ്ങള്‍ക്ക് ശേഷം പുലിയെ പിടികൂടാന്‍ കെണിയൊരുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
സമാന രീതിയില്‍ ഗര്‍ബ പരിപാടി കാണാന്‍ പിതാവിനൊപ്പം പോയ ഹിമാന്‍ഷു യാദവ് എന്ന നാലു വയസുകാരനെ ഒക്ടോബര്‍ നാലിന് പുള്ളിപ്പുലി ആക്രമിച്ചെങ്കിലും കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു.