ഹൈദരാബാദ്: തെലങ്കാനയുടെ ഔദ്യോഗികമായ ചുരുക്കെഴുത്ത് ‘ടി.എസി’ല്‍ നിന്നും ‘ടി.ജി’യിലേക്ക് മാറ്റാന്‍ തീരുമാനിച്ച് സര്‍ക്കാര്‍.
മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭയുടേതാണ് തീരുമാനം. ഇതോടൊപ്പം പുതിയ സംസ്ഥാന ഗീതത്തിനും മന്ത്രിസഭ അംഗീകാരം നല്കി.നേരത്തെ ഭരിച്ചിരുന്ന തെലങ്കാന രാഷ്ട്രസമിതിയാണ് ഇപ്പോഴത്തെ ബി.ആര്.എസ് അവരുടെ പാര്‍ട്ടിയുടെ പേരുമായി ഒത്തുപോകുവാന്‍ തെലങ്കാനയുടെ ചുരുക്കെഴുത്ത് ടി.എസ് എന്നാക്കിയതെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് സംസ്ഥാനത്തിന്റെ പേരിലെ ചുരുക്കെഴുത്ത് മാറ്റുന്നത്.
ഇനി മുതല്‍ തെലങ്കാനയിലെ വാഹന രജിസ്ട്രേഷനുകളില്‍ ടി.ജി എന്ന ചുരുക്കപ്പേരായിരിക്കും ഉപയോഗിക്കുക. ഇതിന് പിന്നാലെ സംസ്ഥാന വ്യാപകമായി ജാതി സെന്‍സസ് നടപ്പിലാക്കാനും രേവന്ത് റെഡ്ഡി സര്‍ക്കാര്‍ തീരുമാനിച്ചു. കഴിഞ്ഞ മാസം ഇത് സംബന്ധിച്ച പ്രഖ്യാപനം രേവന്ത് റെഡ്ഡി നടത്തിയിരുന്നു.