മലപ്പുറം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ തുറന്ന പോരിനൊരുങ്ങി ഇടത് മുന്നണി. ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഗവര്‍ണറുടെ ഇടപെടലിനെതിരെ നവംബര്‍ 15ന് രാജ്ഭവന് മുന്നില്‍ ബഹുജന പ്രതിഷേധ റാലി സംഘടിപ്പിക്കാന്‍ എല്‍.ഡി.എഫ് യോഗം തീരുമാനിച്ചു.
ഇതിന് മുന്നോടിയായി രണ്ടിന് വിപുലമായ കണ്‍വെന്‍ഷന്‍ തിരുവനന്തപുരത്ത് നടക്കും. വിദ്യാര്‍ത്ഥികള്‍, വിദ്യാഭ്യാസ വിദഗ്ധര്‍, അക്കാദമിക് കമ്മ്യൂണിറ്റി പ്രതിനിധികള്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
എല്ലാ ജില്ലാ കണ്‍വെന്‍ഷനുകളും 10ന് മുമ്ബ് നടക്കും. 12ന് മുമ്ബ് ക്യാമ്ബസ് തല കണ്‍വെന്‍ഷനുകളും സംഘടിപ്പിക്കും. ചാന്‍സലര്‍ പദവി ഉപയോഗിച്ച് കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്നും ഇത് ആര്‍എസ്‌എസ് അജണ്ടയുടെ ഭാഗമാണെന്നും മുന്നണി യോഗത്തിന് ശേഷം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പറഞ്ഞു.
ഗവര്‍ണറുടെ നടപടികള്‍ നിയമവിരുദ്ധവും ഏകാധിപത്യപരവുമാണെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞു. ജനാധിപത്യ സംവിധാനത്തിലൂടെ കേരളത്തില്‍ അധികാരത്തില്‍ വരാന്‍ കഴിയാത്തവര്‍ സര്‍വകലാശാലകളെ തകര്‍ക്കാന്‍ ചാന്‍സലര്‍ പദവി ദുരുപയോഗം ചെയ്യുകയാണ്. ഗവര്‍ണര്‍ സ്വയം ആര്‍എസ്‌എസ് അനുഭാവിയായി പ്രഖ്യാപിച്ചിരിക്കുകയാണ്. സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറുടെ നിയമനം റദ്ദാക്കിയത് സുപ്രീം കോടതിയല്ലേ എന്ന ചോദ്യത്തിന് കേസ് അവസാനിച്ചിട്ടില്ലെന്നായിരുന്നു ഗോവിന്ദന്‍റെ മറുപടി.