തീവ്ര ഹിന്ദുത്വ നിലപാടുള്ള ശിവ പ്രതിഷ്ഠാന്‍ എന്ന സംഘടനയുടെ നേതാവായ സാംഭാജി ബിഡെയുടെ കാല്‍ തൊട്ട് വന്ദിച്ച എഴുത്തുകാരി സുധാമൂര്‍ത്തി വിവാദത്തില്‍.
തിങ്കളാഴ്ച മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ ഒരു പുസ്തക പ്രചാരണ പരിപാടിക്കെത്തിയപ്പോഴായിരുന്നു സംഭവം. വിവാദമായതോടെ സാംഭാജി ആരാണെന്ന് തനിക്ക് അറിവില്ലായിരുന്നെന്ന് എഴുത്തുകാരി വിശദീകരിച്ചു.
എഴുത്തുകാരി, ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ ഭാര്യ, ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ഭാര്യാമാതാവ് അങ്ങനെ പലതരത്തില്‍ പ്രശസ്തയാണ് സുധാമൂര്‍ത്തിയാണ് വിവാദത്തില്‍ കുടുങ്ങിയത്. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ അവര്‍ നടത്തിയ കൂടിക്കാഴ്ചയാണ് വന്‍ വിവാദമായത്. ഭീമാ കൊറേഗാവ് കേസില്‍ പ്രതി പട്ടികയിലുണ്ടായിരുന്നയാളാണ് സാംഭാജി ഭിഡെ. 2018 ജനുവരി 1നുണ്ടായ ഭീമാ കൊറേഗാവ് സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും പത്ത് പൊലീസുകാര്‍ അടക്കം നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
മഹാരാഷ്ട്രയില്‍ നിരവധി അനുയായികളുള്ള തീവ്ര ഹിന്ദുത്വ നിലപാടുകാരനാണ് സാംഭാജി ഭിഡെ. തന്നോട് സംസാരിക്കാനെത്തിയ മാധ്യമപ്രവര്‍ത്തക പൊട്ട് തൊട്ടില്ലെന്ന് കാട്ടി സംസാരിക്കാതിരുന്നതാണ് ഒടുവില്‍ അദ്ദേഹത്തെ കുപ്രസിദ്ധനാക്കിയത്. ആ സംഭവത്തില്‍ വനിതാ കമ്മീഷന്‍ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. പുസ്തകത്തിന്റെ പ്രചാരണ പരിപാടിക്കെത്തിയ സുധാമൂര്‍ത്തി ഇങ്ങനെയൊരു വിവാദ പുരുഷനെ കണ്ട് കാല്‍ തൊട്ട് വന്ദിച്ചതിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.