ശശി തരൂരിന് മുന്നില്‍ കോണ്‍ഗ്രസ്സിലെ ഭാവിയാണ് ഇനി ഇരുളടയാന്‍ പോകുന്നത്. ഒപ്പം ഉണ്ടെന്ന് ഉറപ്പായും കരുതിയ ഗ്രൂപ്പ് 23 പോലും പിന്നില്‍ നിന്നും കുത്തിയതിനാല്‍ ചെകുത്താനും കടലിനും ഇടയില്‍പ്പെട്ട അവസ്ഥയിലാണ് അദ്ദേഹം നിലവിലുള്ളത്.
കോണ്‍ഗ്രസ്സ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കുറച്ച് വോട്ടുകള്‍ നേടാന്‍ കഴിയുമെന്നതല്ലാതെ അട്ടിമറി വിജയം നേടാന്‍ തരൂരിന് സാധിക്കുകയില്ല. നെഹ്റു കുടുംബത്തിന്റെ അപ്രഖ്യാപിത സ്ഥാനാര്‍ത്ഥിയായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ മത്സരിക്കുന്നതാണ് തരൂരിന് തിരിച്ചടിയാകുന്നത്. അവസാന നിമിഷം തരൂര്‍ മത്സരത്തില്‍ നിന്നും പിന്മാറുമോ എന്നതും കണ്ടറിയേണ്ട കാര്യം തന്നെയാണ്. ഖാര്‍ഗെ രംഗത്തു വന്നതോടെ തരൂരിനെ കേരളത്തില്‍ നിന്നും പരസ്യമായി പിന്തുണച്ച ശബരീനാഥന് ഉള്‍പ്പെടെയുള്ളവരും വെട്ടിലായിട്ടുണ്ട്. മത്സരം സംഘടനക്ക് ഗുണമേ ചെയ്യൂവെന്ന് തരൂര്‍ വിഭാഗം അവകാശപ്പെടുന്നുണ്ടെങ്കിലും പാര്‍ട്ടിയിലെ ഇവരുടെ ഭാവി അത്ര ശോഭനമായിരിക്കുകയില്ല. ഒതുക്കപ്പെടാന്‍ തന്നെയാണ് സാധ്യത. ഇങ്ങനെ ഒതുക്കപ്പെടുന്നവരെ ബി.ജെ.പി രണ്ടു കയ്യും നീട്ടി സ്വീകരിക്കുകയും ചെയ്യും.