ന്യൂഡല്‍ഹി:മരണ ശേഷമെങ്കിലും ജാതി അടിസ്ഥാനത്തിലുള്ള വിവേചനം പാടില്ലെന്നും എല്ലാ പ്രദേശത്തും പൊതു ശ്മശാനങ്ങള്‍ നിര്‍മ്മിക്കണമെന്നും മദ്രാസ് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.സ്വാതന്ത്ര്യം നേടി 75 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ജാതീയതയുടെ ചങ്ങലകള്‍ തകര്‍ക്കാന്‍ കഴിയുന്നില്ലെന്ന് ജസ്റ്റിസ് ആര്‍.സുബ്രഹ്മണ്യനും കെ.കുമരേഷ് ബാബുവും അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
മതേതര സര്‍ക്കാരുകള്‍ പോലും വെവ്വേറെ ശ്മശാനങ്ങളില്‍ സംസ്കാരം നടത്താന്‍ നിര്‍ബന്ധിതരാകുന്നു. അതുകൊണ്ട് ജാതി അടിസ്ഥാനത്തിലല്ലാതെ ഗ്രാമങ്ങളിലും ജില്ലകളിലും പൊതു ശ്മശാനങ്ങള്‍ നിര്‍മ്മിക്കുന്നത് പരിഗണിക്കണമെന്ന് കോടതി വ്യക്തമാക്കി. നിയുക്ത ശ്മശാന ഭൂമിയിലല്ലാതെ സംസ്കരിച്ച മൃതദേഹം പുറത്തെടുക്കാന്‍ തഹസില്‍ദാര്‍ക്ക് അനുമതി നല്‍കിയ കോടതിയുടെ ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് സേലം ജില്ലയിലെ ഗ്രാമീണര്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി.