ഷിംല: ഹിമാചല്‍ പ്രദേശില്‍ പോളിംഗില്‍ വന്‍ ഇടിവ്. ഒടുവില്‍ വിവരം ലഭിക്കുമ്ബോള്‍ 67 ശതമാനം പോളിംഗാണ് തെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയത്.
കഴിഞ്ഞ തവണ 74.17 ശതമാനമായിരുന്നു പോളിംഗ്. പോളിംഗ് കുറഞ്ഞത് പാര്‍ട്ടികളെയെല്ലാം ഒരു പോലെ ആശങ്കയിലാക്കിയിരിക്കുകയാണ്. ഹിമാചല്‍ പ്രദേശില്‍ സമീപകാലത്തെ ഏറ്റവും കുറഞ്ഞ പോളിങ്ങാണ് ഇത്തവണ രേഖപ്പെടുത്തിയത്.
രാവിലെ എട്ട് മണിക്ക് തുടങ്ങിയ വോട്ടെടുപ്പ് അഞ്ചരയ്ക്ക് പൂര്‍ത്തിയായി. കഴിഞ്ഞ തവണ കോണ്‍ഗ്രസിനെ തുണച്ച സിര്‍മൗര്‍ ജില്ലയിലാണ് കൂടുതല്‍ പോളിംഗ് 72.79ശതമാനം. ആപ്പിള്‍ കര്‍ഷകര്‍ക്ക് നിര്‍ണായക സ്വാധീനമുള്ള കിന്നൗറിലാണ് ഏറ്റവും കുറവ് 62 ശതമാനം. കഴിഞ്ഞ തവണ ബിജെപിയെ തുണച്ച ജില്ലകളായ 15 സീറ്റുള്ള കാംഗ്രയും, പത്ത് സീറ്റുള്ള മണ്ഡിയും 60 ശതമാനത്തിന് മുകളില്‍ ഭേദപ്പെട്ട പോളിംഗ് രേഖപ്പെടുത്തിയത് പാര്‍ട്ടിക്ക് പ്രതീക്ഷ നല്‍കുന്നു.
21 മണ്ഡലങ്ങളിലെ ബിജെപി വിമതരും ആംആദ്മി പാര്‍ട്ടിയും പിടിക്കുന്ന കിട്ടുന്ന വോട്ട് ഇത്തവണ നിര്‍ണായകമാകും. ഫലമറിയാന് ഡിസംബര്‍ 8 വരെ കാത്തിരിക്കണം.