ചെന്നൈ: പാര്‍ലമെന്റില്‍ ചെങ്കോല്‍ സ്ഥാപിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള നന്ദി സൂചകമായി 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എയുടെ 25ലേറെ എം.പിമാരെ തെരഞ്ഞെടുക്കണമെന്ന് തമിഴ്‌നാട്ടിലെ ജനങ്ങളോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
കഴിഞ്ഞ ഒമ്ബത് വര്‍ഷം മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നടപ്പാക്കിയ വികസന നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാൻ ബിജെപി നടത്തുന്ന കാമ്ബയിന്റെ ഭാഗമായി നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2024ല്‍ 300ല്‍ അധികം സീറ്റുകള്‍ നേടി ബി.ജെ.പി നേതൃത്വത്തിലുള്ള എൻഡിഎ വീണ്ടും അധികാരത്തിലെത്തുമെന്നും തമിഴ്‌നാട്ടിലെ ജനങ്ങളുടെ അനുഗ്രഹത്താല്‍ സംസ്ഥാനത്തെ 25ലധികം ലോക്സഭ സീറ്റുകളില്‍ വിജയിച്ച് കൂടുതല്‍ മന്ത്രിമാരെ ലഭിക്കുമെന്നും അമിത്ഷാ പറഞ്ഞു.
‘ഞാൻ വന്നത് സ്റ്റാലിന് മറുപടി നല്‍കാൻ’
‘കഴിഞ്ഞ ഒമ്ബത് വര്‍ഷമായി തമിഴ്‌നാടിന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സംഭാവനകള്‍ വെളിപ്പെടുത്താൻ വെല്ലുവിളിച്ച തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് ഉത്തരം നല്‍കാനാണ് താൻ ഇവിടെ വന്നത്. ഇനിപറയുന്ന കാര്യങ്ങള്‍ സ്റ്റാലിൻ ശ്രദ്ധയോടെ കേള്‍ക്കണം. ഡിഎംകെ ഭാഗമായ യുപിഎ സര്‍ക്കാര്‍ 10 വര്‍ഷം കൊണ്ട് 95,000 കോടി രൂപയാണ് തമിഴ്നാടിന് അനുവദിച്ചത്. എന്നാല്‍, എൻ.ഡി.എ സര്‍ക്കാര്‍ ഒമ്ബത് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തിന് 2.47 ലക്ഷം കോടി അനുവദിച്ചു. വിവിധ ദേശീയ പാത പദ്ധതികള്‍ക്ക് മാത്രമായി ഇക്കാലയളവില്‍ 58,000 കോടി രൂപ അനുവദിച്ചു.’ -അമിത് ഷാ പറഞ്ഞു.
രണ്ട് വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍, ചെന്നൈ വിമാനത്താവളത്തിലെ പുതിയ ഇന്റഗ്രേറ്റഡ് ടെര്‍മിനല്‍, 1,000 കോടി രൂപയുടെ നെയ്‌വേലി ലിഗ്‌നൈറ്റ് കോര്‍പ്പറേഷൻ പദ്ധതി, പാവപ്പെട്ടവര്‍ക്കായി 62 ലക്ഷം ടോയ്‌ലറ്റുകളുടെ നിര്‍മ്മാണം, ജല്‍ ജീവൻ മിഷന്റെ കീഴില്‍ 82 ലക്ഷം വാട്ടര്‍ കണക്ഷനുകള്‍ എന്നിവയും മോദി സര്‍ക്കാര്‍ തമിഴ്നാട്ടിനായി അനുവദിച്ചതായി അദ്ദേഹം അവകാശപ്പെട്ടു.
മധുരയിലെ എയിംസ് നിര്‍മ്മാണം അനന്തമായി വൈകുന്നതിനെ കുറിച്ച വിമര്‍ശനങ്ങള്‍ക്ക്, മുമ്ബ് കേന്ദ്ര സര്‍ക്കാരുകളുടെ ഭാഗമായിരുന്നപ്പോള്‍ ഡിഎംകെ തമിഴ്‌നാട്ടിലേക്ക് എയിംസ് കൊണ്ടുവരുന്നതില്‍ പരാജയപ്പെട്ടത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. എയിംസ് താല്‍ക്കാലിക കാമ്ബസില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെങ്കിലും പുതിയ കാമ്ബസിന്റെ നിര്‍മ്മാണം ഉടൻ നടക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഓള്‍ ഇന്ത്യ സര്‍വീസ്, സെൻട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ്, നാഷണല്‍ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) എന്നിവയ്ക്ക് തമിഴില്‍ പരീക്ഷ എഴുതാനുള്ള ഓപ്ഷൻ അവതരിപ്പിച്ചത് ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാരാണെന്നും അമിത്ഷാ ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസും ഡി.എം.കെയും 2G, 3G, 4G പാര്‍ട്ടികള്‍
10 വര്‍ഷം ഭരണത്തിലിരുന്ന യുപിഎ സര്‍ക്കാരിന്റെ ഭാഗമായ പാര്‍ട്ടികള്‍ക്കെതിരെ വ്യാപക അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍, ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാരിനെതിരെ ആര്‍ക്കും അത്തരം ആരോപണങ്ങള്‍ ഉന്നയിക്കാൻ കഴിയില്ലെന്ന് അമിത് ഷാ പറഞ്ഞു. ‘ഡിഎംകെയും കോണ്‍ഗ്രസും 2ജി, 3ജി, 4ജി പാര്‍ട്ടികളാണ്. 2ജി സ്‌പെക്‌ട്രം അനുവദിച്ചതുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങള്‍ മാത്രമല്ല ഇങ്ങനെ പറയാൻ കാരണം. അന്തരിച്ച ഡിഎംകെ നേതാവ് മുരസൊലി മാരന്റെ കുടുംബത്തിലെ രണ്ട് തലമുറകളും അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി എം. കരുണാനിധിയുടെ കുടുംബത്തിലെ മൂന്ന് തലമുറകളും നയിക്കുന്ന ഡി.എം.കെയെയാണ് 2ജിയും 3ജിയും കൊണ്ട് ഉദ്ദേശിക്കുന്നത്. ഗാന്ധി കുടുംബത്തിലെ നാല് തലമുറകളെയാണ് 4ജി എന്നതിന്റെ ഉദ്ദേശം’ -അദ്ദേഹം പറഞ്ഞു.