ന്യൂഡല്‍ഹി
ഗ്രാമീണമേഖലകളിലെ വൻകിട ഭൂവുടമകള്‍ അടക്കമുള്ള സമ്ബന്ന ചൂഷകവര്‍ഗത്തിനെതിരായി ചെറുകിട കര്‍ഷകരും കര്‍ഷക തൊഴിലാളികളും തൊഴിലാളിവര്‍ഗവും യോജിച്ചുള്ള മുന്നേറ്റം അനിവാര്യമായ ഘട്ടമാണിതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു.
ഗ്രാമീണ തൊഴിലാളികളുടേതായ ഒരു സംഘടന രൂപീകരിക്കേണ്ടതുണ്ട്. തൊഴില്‍, വേതനം, ലിംഗവിവേചനം, ജാതിവിവേചനം, മറ്റ് ജീവിതോപാധി പ്രശ്നങ്ങള്‍ തുടങ്ങി ഗ്രാമീണമേഖല അഭിമുഖീകരിക്കുന്ന എല്ലാ വിഷയങ്ങളും ഏറ്റെടുക്കണം–- പി സുന്ദരയ്യ സ്മാരക ട്രസ്റ്റ് സംഘടിപ്പിച്ച പ്രഥമ സുന്ദരയ്യ സ്മാരക പ്രഭാഷണത്തില്‍ കാരാട്ട് പറഞ്ഞു.
രാജ്യത്തെ കാര്‍ഷിക ബന്ധങ്ങളെക്കുറിച്ച് സുന്ദരയ്യ ആഴത്തില്‍ മനസ്സിലാക്കിയിരുന്നു. 1964ല്‍ പാര്‍ടി പരിപാടിയുടെ കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട ഭാഗവും 1967ല്‍ കേന്ദ്ര കമ്മിറ്റി അംഗീകരിച്ച കര്‍ഷക മുന്നണിയുടെ കടമകള്‍ എന്തൊക്കെയെന്നതും തയ്യാറാക്കി. പാര്‍ടി ജനറല്‍ സെക്രട്ടറി ആയതിനുശേഷം ആന്ധ്രയിലെ രണ്ടു തീരദേശ ഗ്രാമങ്ങളിലെ കര്‍ഷകരുടെ സാഹചര്യങ്ങള്‍ പഠിച്ചുള്ള ലഘുലേഖ തയ്യാറാക്കിയിരുന്നു. കാര്‍ഷിക ബന്ധങ്ങളെക്കുറിച്ച് മാര്‍ക്സിസ്റ്റ് കാഴ്ചപ്പാടോടെയുള്ള ആഴത്തിലുള്ള ധാരണ അദ്ദേഹത്തിനുണ്ടായിരുന്നു.
നവലിബറല്‍ പരിഷ്കാരങ്ങളുടെയും കുത്തകവല്‍ക്കരണത്തിന്റെയും ഭാഗമായി സുന്ദരയ്യയുടെ കാലഘട്ടത്തില്‍നിന്ന് വലിയ മാറ്റം നിലവില്‍ ഗ്രാമങ്ങളിലെ സാഹചര്യങ്ങളിലും കാര്‍ഷിക ബന്ധങ്ങളിലും വന്നിട്ടുണ്ട്. നിലവില്‍ വൻകിട കര്‍ഷകര്‍ക്കും ഭൂവുടമകള്‍ക്കുമൊക്കെ ഭൂമിയില്‍നിന്നുള്ള ആദായം മാത്രമല്ല, മറ്റു പല വരുമാനസ്രോതസ്സുകളുമുണ്ട്. ചെറുകിട കര്‍ഷകരിലും കര്‍ഷക തൊഴിലാളികളിലും മാറ്റം വന്നു. കര്‍ഷക തൊഴിലാളികളില്‍ വലിയൊരു ഭാഗം കുടിയേറ്റ തൊഴിലാളികളായി മാറിയിട്ടുണ്ട്. നഗരങ്ങളിലെ കെട്ടിടനിര്‍മാണ മേഖലയിലും മറ്റും അവര്‍ ധാരാളമായി തൊഴിലെടുക്കുന്നു. എന്നാല്‍, ഗ്രാമബന്ധം അവര്‍ പൂര്‍ണമായും ഉപേക്ഷിച്ചിട്ടുമില്ല. മാറിയ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി ഗ്രാമങ്ങളിലെ സമ്ബന്നവര്‍ഗത്തിനെതിരായി പുതിയ മുന്നേറ്റങ്ങള്‍ കൊണ്ടുവരാനാകണം–- കാരാട്ട് പറഞ്ഞു. കിസാൻസഭാ പ്രസിഡന്റ് അശോക് ധാവ്ളെ അധ്യക്ഷനായി. ജനറല്‍ സൈക്രട്ടറി വിജൂ കൃഷ്ണൻ നന്ദിപറഞ്ഞു.