ബംഗളൂരു: ഗൗരി ലങ്കേഷ് വധക്കേസ് പ്രതിയുടെ ജാമ്യാപേക്ഷ തള്ളി കര്‍ണാടക ഹൈകോടതി. സ്വാഭാവിക ജാമ്യം അനുവദിക്കണം എന്നാവശ്യപ്പെട്ട് പ്രതിയായ ഋഷികേഷ് ദേവ്ദികര്‍ സമര്‍പ്പിച്ച ഹരജിയാണ് ഹൈകോടതി തള്ളിയത്.
മഹാരാഷ്ട്ര സ്വദേശിയായ ഋഷികേശ് 2020 ജനുവരിയിലാണ് അറസ്റ്റിലായത്.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 167(2) വകുപ്പ് പ്രകാരം സ്വാഭാവിക ജാമ്യത്തിന് തനിക്ക് യോഗ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതി സമര്‍പ്പിച്ച ഹരജി സെഷന്‍സ് കോടതി തള്ളിയിരുന്നു. വിധിയെ ചോദ്യം ചെയ്ത് ഋഷികേശ് ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
കൊലക്കേസില്‍ അറസ്റ്റ് ചെയ്ത് 90 ദിവസങ്ങള്‍ക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കണം. എന്നാല്‍ 2020 ഏപ്രില്‍ വരെ തനിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നില്ല. അതിനാല്‍ സ്വാഭാവിക ജാമ്യത്തിന് തനിക്ക് അര്‍ഹതയുണ്ടെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. അതേസമയം, അറസ്റ്റുചെയ്യുന്നതിന് മുമ്ബുതന്നെ ഇയാള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് ജാമ്യാപേക്ഷ ഹൈകോടതി തള്ളുകയായിരുന്നു.
2017 സെപ്റ്റംബര്‍ അഞ്ചിന് രാത്രിയാണ് ബംഗളൂരു രാജരാജേശ്വരി നഗറിലെ വസതിക്കു മുന്നില്‍ തീവ്രഹിന്ദുത്വ പ്രവര്‍ത്തകരുടെ വെടിയേറ്റ് ഗൗരി ലങ്കേഷ് കൊല്ലപ്പെടുന്നത്. 18 പേരെ പ്രതിചേര്‍ത്ത് 9325 പേജുള്ള കുറ്റപത്രം 2018 നവംബര്‍ 23നാണ് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) സമര്‍പ്പിച്ചത്. സനാതന്‍ സന്‍സ്ത ഉള്‍പ്പെടെയുള്ള തീവ്രഹിന്ദുത്വ സംഘടനകളുമായി ബന്ധമുള്ള പരശുറാം വാഗ്മൊറെ എന്നയാള്‍ ഗൗരി ലങ്കേഷിനുനേരെ വെടിയുതിര്‍ത്തതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.