അഹമ്മദാബാദ്: ഗുജറാത്തില്‍ കനത്ത തിരിച്ചടി നേരിട്ട് കോണ്‍ഗ്രസ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മോഹന്‍സിന്‍ഹ് രത്വ ബിജെപിയില്‍ ചേര്‍ന്നു.
വൈകീട്ട് പാര്‍ട്ടി ആസ്ഥാനത്തുവെച്ച് മുതിര്‍ന്ന നേതാക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു അദ്ദേഹത്തിന്റെ ബിജെപി പ്രവേശനം. നിലവില്‍ ഛോട്ടാ ഉദയ്പുര്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് മോഹന്‍സിന്‍ഹ് രത്‍വ.
മോഹന്‍സിന്‍ഹ് രത്‍വ രാജിക്കത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ജഗദീഷ് താക്കോറിന് നേരത്തെ കൈമാറി. ആദിവാസി മേഖലയിലെ കരുത്തനായ നേതാവാണ് മോഹന്‍സിന്‍ഹ് രത്‍വ. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് 78 കാരനായ മോഹന്‍സിന്‍ഹ് രത്‍വ അറിയിച്ചിരുന്നു. എന്നാല്‍, മകന്‍ രാജേന്ദ്ര സിന്‍ഹ് രത്‍വയെ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതേ മണ്ഡലത്തില്‍ തന്റെ മകനെ സ്ഥാനാര്‍ഥിയാക്കണമെന്ന് കോണ്‍ഗ്രസ് എംപി നരന്‍ രത്‍വയും ആവശ്യപ്പെട്ടതോടെ പാര്‍ട്ടി പ്രതിസന്ധിയിലായിരുന്നു.
ഇയാളുടെ മകനും ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സീറ്റ് തരുമെന്ന് നൂറ് ശതമാനം ഉറപ്പാണെന്നും ഇദ്ദേഹം പറഞ്ഞു. എനിക്ക് പ്രായമായി. മകന്‍ എന്‍ജിനീയറാണ്. അവന് ബിജെപിയില്‍ ചേരണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് ഞങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നത്. മകന് സീറ്റ് തരില്ലെന്ന് ഒരിക്കലും കോണ്‍ഗ്രസ് പറഞ്ഞിട്ടില്ല. ബിജെപി സര്‍ക്കാറിന്‍റെ പ്രവര്‍ത്തനത്തില്‍ ആകൃഷ്ടനായിട്ടാണ് പാര്‍ട്ടിയില്‍ ചേരുന്നത്. ആദിവാസി മേഖലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടല്‍ മികച്ചതാണെന്നും മോഹന്‍സിന്‍ഹ് രത്‍വ പറഞ്ഞു.
അടുത്ത മാസം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക നാളെ വന്നേക്കും. സംസ്ഥാനത്തെ ബിജെപി നേതാക്കളെ ദില്ലിക്ക് വിളിപ്പിച്ചിട്ടുണ്ട്. ആംആദ്മിയും ബിജെപിയുമായിയി താരതമ്യം ചെയ്യുമ്ബോള്‍ കോണ്‍ഗ്രസ് പ്രചാരണത്തില്‍ ഇപ്പോഴും പുറകിലാണ്. ദേശീയ നേതാക്കളെല്ലാം ജോഡോ യാത്രയുടെ തിരക്കിലായതാണ് കാരണം. എന്നാല്‍ അടിത്തട്ടില്‍ പ്രവര്‍ത്തനം ശക്തമാണെന്നാണ് പാര്‍ട്ടി വിശദീകരണം.