അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ ആം ആദ്‌മി പാര്‍ട്ടിയുടെ ദയനീയ പ്രകടനത്തിനിടെ ജയിച്ച ഏതാനും ആപ് എം.എല്‍.എമാരും ബി.ജെ.പിയിലേക്കെന്നു റിപ്പോര്‍ട്ടുകള്‍.
ഔദ്യോഗിക തീരുമാനം എടുത്തിട്ടില്ലെന്നു പറഞ്ഞ ഭൂപത് ഭയാനി എം.എല്‍.എ, ഇക്കാര്യത്തില്‍ ജനാഭിപ്രായം തേടുമെന്ന് വെളിപ്പെടുത്തി.
ചാനല്‍ അഭിമുഖത്തിലാണ് ഭൂപത് മനസ് തുറന്നത്. ” ഞാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നിട്ടില്ല. ചേരണോ വേണ്ടയോ എന്ന് ജനങ്ങളോട് ചോദിക്കും”- ഭൂപത് ഭയാനി പറഞ്ഞു. അതിനിടെ, ബയന്ത്, ധനേര, വഘോദിയ മേഖലകളില്‍നിന്നുള്ള മൂന്ന് സ്വതന്ത്ര എം.എല്‍.എമാരും ബി.ജെ.പിയെ പിന്തുണയ്‌ക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
മുപ്പതോളം റാലികളിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും സംസ്‌ഥാനത്തെ ഇളക്കിമറിച്ചുള്ള തെരഞ്ഞെടുപ്പ് പ്രാചാരണമാണ് നയിച്ചത്. ആകെയുള്ള 182 നിയമസഭാ സീറ്റുകളില്‍ 156 എണ്ണവും ബി.ജെ.പി. സ്വന്തമാക്കി. ആകെ വോട്ടിന്റെ 53 ശതമാനവും പെട്ടിയിലാക്കി.
കഴിഞ്ഞ തവണ 77 സീറ്റ് പിടിച്ച കോണ്‍ഗ്രസ് ഇക്കുറി നേടിയത് 17 സീറ്റുകള്‍ മാത്രം. കാടിളക്കി പ്രചാരണം നടത്തിയ ആം ആദ്‌മി പാര്‍ട്ടിക്ക് അഞ്ചേ അഞ്ച് സീറ്റുകള്‍ മാത്രമാണ് നേടാനായത്. സംസ്‌ഥാനത്തെ പ്രധാന നേതാക്കളായ സംസ്‌ഥാന അധ്യക്ഷന്‍ ഗോപാല്‍ ഇറ്റാലിയ, പാട്ടിദാര്‍ നേതാവ് അല്‍പേഷ് കത്തിരിയ, മുഖ്യമന്ത്രി സ്‌ഥാനാര്‍ഥി ഇസുദന്‍ ഗധ്വി എന്നിവരെല്ലാം “എട്ടുനിലയില്‍” പൊട്ടി. 12.3 വോട്ട് വിഹിതം മാത്രമാണ് എ.എ.പിക്കു കിട്ടിയത്. ദേശീയ പാര്‍ട്ടി പദവി കിട്ടി എന്നതുമാത്രമായിരുന്നു ഏക ആശ്വാസം. ഇതിനിടെയാണ് ജയിച്ച എം.എല്‍.എമാരും കൂറുമാറ്റത്തിന് ഒരുങ്ങുന്നെന്ന റിപ്പോര്‍ട്ടുകള്‍.