ഡിസംബര്‍ അഞ്ച് മുതല്‍ നിയമസഭ സമ്മേളനം ചേരുമെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. . ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പ്രശ്നങ്ങള്‍ പൂര്‍ണമായും രമ്യമായും പരിഹരിക്കുമെന്നും സ്പീക്കര്‍ പറഞ്ഞു.ഡിസംബര്‍ അഞ്ചു മുതല്‍ സഭാ സമ്മേളനം വിളിക്കുന്നതിനുള്ള മന്ത്രിസഭാ ശുപാര്‍ശ ഗവര്‍ണര്‍ കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു.
ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് മാറ്റാനുള്ള ബില്‍ കൊണ്ടുവരാനാണ് സഭ സമ്മേളിക്കുന്നത്.
കേരള നിയമസഭാ സ്പീക്കറായി എ എന്‍ ഷംസീര്‍ ചുമതലയേറ്റ ശേഷമുള്ള ആദ്യത്തെ നിയമസഭാ സമ്മേളനമാണ് ഇത്. ഓര്‍ഡിനന്‍സുകള്‍ പാസാക്കാന്‍ വേണ്ടിയുള്ള പ്രത്യേക നിയമസഭാ സമ്മേളനം ഒടുവില്‍ ചേര്‍ന്നപ്പോള്‍ എംബി രാജേഷായിരുന്നു സ്പീക്കര്‍. പിന്നീട് ഷംസീറിന് സ്പീക്കര്‍ സ്ഥാനം ഏറ്റെടുക്കാന്‍ വേണ്ടി ഒരു ദിവസത്തേക്ക് മാത്രമായി സഭ ചേര്‍ന്നിരുന്നു.വൈസ് ചാന്‍സലര്‍ നിയമനത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തില്‍ നില്‍ക്കുന്ന ഘട്ടത്തിലാണ് നിയമസഭാ സമ്മേളനം ചേരുന്നത്.
കെടിയു, കുഫോസ് വിസിമാരുടെ നിയമനങ്ങള്‍ കോടതി റദ്ദാക്കുകയും കണ്ണൂര്‍ സര്‍വ്വകലാശാലയിലെ പ്രിയ വര്‍ഗ്ഗീസിന്‍്റെ നിയമനത്തിന്‍്റെ പേരില്‍ ഹൈക്കോടതിയില്‍ നിന്നും കടുത്ത വിമര്‍ശനങ്ങള്‍ നിലവില്‍ പാര്‍ട്ടി ഏറ്റുവാങ്ങുകയുമാണ്. ഗവര്‍ണര്‍ രാജി ആവശ്യപ്പെട്ട വൈസ് ചാന്‍സലര്‍മാരുടെ എല്ലാം നില പരുങ്ങലിലാണ്.ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോരില്‍ ഗവര്‍ണര്‍ക്ക് അനുകൂലമായി കാര്യങ്ങള്‍ തിരിയുന്ന ഘട്ടത്തിലാണ് സഭാ സമ്മേളനം ആരംഭിക്കാന്‍ പോകുന്നത്.