ചെന്നൈ: ഗര്‍ഭിണിയായ 15കാരി ഗര്‍ഭഛിദ്ര ഗുളിക കഴിച്ചതിന് പിന്നാലെ മരിച്ചതായി റിപോര്‍ട്. ഇതുമായി ബന്ധപ്പെട്ട് കാമുകന് എസ് മുരുകന് (27) അറസ്റ്റിലായി.തമിഴ്നാട്ടിലെ തിരുവണ്ണാമലൈ ജില്ലയിലെ ചെങ്കത്തിന് സമീപമാണ് സംഭവം. യുവാവ് പെണ്‍കുട്ടിയെ ദിവസേന സ്കൂളില്‍ വിടാറുണ്ടായിരുന്നുവെന്നും അതിനിടെ ഇരുവരും പ്രണയത്തിലായതായും പറയുന്നു.
‘പെണ്‍കുട്ടി അടുത്തിടെ ഗര്‍ഭിണിയായതിനെ തുടര്‍ന്ന് മുരുകന് തന്റെ സുഹൃത്ത് പ്രഭുവിന്റെ (27) സഹായത്തോടെ വ്യാജ ഡോക്ടറായ ഒരാളില്‍ നിന്ന് ഗര്‍ഭച്ഛിദ്രത്തിനുള്ള ഗുളിക വാങ്ങി. പിന്നീട് സ്കൂളില്‍ കൊണ്ടുപോകാനെന്ന വ്യാജേന പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോവുകയും വഴിയില്‍ വച്ച് ഗര്‍ഭച്ഛിദ്ര ഗുളിക കഴിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു.
അതിന് ശേഷം ഇരുവരും പെണ്‍കുട്ടിയ്ക്കൊപ്പം സ്കൂളിലേക്ക് പോകാന്‍ തുടങ്ങിയപ്പോഴേക്കും അവള് ബോധംകെട്ട് വീണു. തുടര്‍ന്ന് മുരുകന് പെണ്‍കുട്ടിയെ സര്‍കാര്‍ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍, പെണ്‍കുട്ടി മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതേത്തുടര്‍ന്ന് മൃതദേഹം പോസ്റ്റ്മോര്‍ടത്തിനായി തിരുവനമല സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി’, പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ മുരുകനെയും സുഹൃത്ത് പ്രഭുവിനെയും കസ്റ്റഡിയിലെടുത്തു. പോക്സോ നിയമപ്രകാരവും മുരുകനെതിരെ കേസെടുത്തിട്ടുണ്ട്. ഗര്‍ഭച്ഛിദ്രത്തിനുള്ള ഗുളിക നല്‍കിയതായി പറയുന്ന വ്യാജ ഡോക്ടറെയും പൊലീസ് തിരയുന്നുണ്ട്.