കോയമ്ബത്തൂര്‍: ഞായറാഴ്ച പുലര്‍ച്ചെ അഞ്ചോടെ കോയമ്ബത്തൂര്‍ ടൗണ്‍ഹാളിന് സമീപം കോട്ടൈ ഈശ്വരന്‍ കോവിലിന് മുന്നില്‍ കാറിലുണ്ടായ സ്ഫോടനത്തിന് പിന്നില്‍ തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്ന പൊലീസ്, തീവ്രവാദ സംഘടനയായ അല്‍ ഉമ്മയിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിക്കുന്നു.
സ്ഫോടനത്തില്‍ കാറിലുണ്ടായിരുന്ന ഉക്കടം ജി.എം നഗര്‍ സ്വദേശി ജമീഷ മുബീന്‍ (25) മരിച്ചിരുന്നു. ചാവേര്‍ ആക്രമണമാണോയെന്നും പൊലീസ് സംശയിക്കുന്നു. സംഭവത്തില്‍, ജമീഷയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ ജി.എം നഗര്‍ സ്വദേശികളായ ഫിറോസ് ഇസ്മായില്‍, നവാസ് ഇസ്മായില്‍, മുഹമ്മദ് റിയാസ്, മുഹമ്മദ് അസ്ഹറുദ്ദീന്‍, മുഹമ്മദ് തല്‍ഹ എന്നിവരെ അറസ്റ്റുചെയ്തു.
ജമീഷയ്ക്ക് കാര്‍ സംഘടിപ്പിച്ച് നല്‍കിയത് അല്‍ഉമ്മ നേതാവ് ബാഷയുടെ സഹോദരനായ നവാബ് ഖാന്റെ മകന്‍ ദല്‍ഹയാണെന്ന് കണ്ടെത്തി. കാര്‍ പത്തുതവണ കൈമറിഞ്ഞാണ് പ്രതികളുടെ കൈവശമെത്തിയത്. 1998ലെ കോയമ്ബത്തൂര്‍ സ്‌ഫോടനം ആസൂത്രണം ചെയ്തത് അല്‍ ഉമ്മയായതിനാലാണ് അതിലേക്കുകൂടി അന്വേഷണം വ്യാപിപ്പിക്കുന്നത്.
കാറിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറെന്ന് കരുതുന്ന രണ്ടെണ്ണത്തില്‍ ഒന്നാണ് പൊട്ടിത്തെറിച്ചത്. കാര്‍ രണ്ടായി പിളര്‍ന്നു. കാറില്‍നിന്ന് ആണികളും കണ്ടെത്തി. ജമീഷയുടെ വീട്ടില്‍ നിന്ന് ഗ്യാസ് സിലിണ്ടര്‍ പോലുള്ള വസ്തു കാറിലേക്ക് കയറ്റുന്നതിന്റെ സി.സി ടിവി ദൃശ്യം സംഭവത്തിന് പിന്നാലെ പുറത്തുവന്നിരുന്നു. പഴയ തുണികള്‍ ശേഖരിച്ച് വില്‍ക്കുന്ന ജമീഷയുടെ വീട്ടില്‍നിന്ന് പൊട്ടാസ്യം നൈട്രേറ്റ്, അലുമിനിയം പൗഡര്‍ തുടങ്ങിയവ കണ്ടെത്തി.
എന്‍ജിനിയറിംഗ് ബിരുദമുള്ള ജമീഷയെ 2019ല്‍ ഒരുകേസുമായി ബന്ധപ്പെട്ട് എന്‍.ഐ.എ ചോദ്യം ചെയ്തിരുന്നു.
ലക്ഷ്യമിട്ടത്
വര്‍ഗീയ കലാപത്തിന്
വര്‍ഗീയകലാപമായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് കോയമ്ബത്തൂര്‍ പൊലീസ് പറയുന്നു. അറസ്റ്റിലായ പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തി. കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നു. 20പേരെ ചോദ്യം ചെയ്തു. പ്രതികള്‍ക്ക് സഹായംലഭിച്ച വഴികളും അന്വേഷിക്കുന്നു.
അന്വേഷണം
കേരളത്തിലേക്കും
പ്രതികളില്‍ ചിലര്‍ കേരളത്തിലെത്തിയിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അന്വേഷണം ഇവിടേക്കുകൂടി വ്യാപിപ്പിക്കുമെന്ന് കോയമ്ബത്തൂര്‍ പൊലീസ് പറഞ്ഞു.
മൊബൈല്‍ ടവര്‍ ലൊക്കേഷന്‍വച്ചും പ്രതികളുടെ യാത്രാരേഖകള്‍ പരിശോധിച്ചുമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.