തിരുവനന്തപുരം: ചിന്തന്‍ ശിബിരിനെ പരിഹസിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. കോണ്‍ഗ്രസ് സംഘപരിവാര്‍ സംഘമായി പരിവര്‍ത്തനം ചെയ്യപ്പെടുകയാണ്.
പഠന ക്യാംപുകളുടെ പേരുകള്‍ പോലും അത്തരത്തില്‍ പരിണമിക്കപ്പെട്ടു. നേതാക്കളേയും അണികളേയും രാഷ്‌ട്രീയമായി പരുവപ്പെടുത്തി ബിജെപിക്ക് നല്‍കുന്ന സ്‌ഥിതിയാണ് ഇന്നുള്ളതെന്നും ഇദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
പണാധിപത്യം കൊണ്ടും അധികാരം ഉപയോഗിച്ചും നേതാക്കളേയും എംഎല്‍എമാരേയും റാഞ്ചിയെടുക്കാന്‍ നില്‍ക്കുന്ന ബിജെപിയിലേക്ക് കോണ്‍ഗ്രസ് കൂട്ടത്തോടെ നീങ്ങുന്നു. ഉത്തരേന്ത്യന്‍ സംസ്‌ഥാനങ്ങളില്‍ കണ്ടിരുന്ന ഈ പ്രതിഭാസം പതിയെ കേരളത്തിലും എത്തിത്തുടങ്ങി. നേരത്തെ ശിബിരം, ബൈഠക് തുടങ്ങിയവയെല്ലാം കേരളം കേട്ട് തുടങ്ങിയത് ആര്‍എസ്‌എസ്, സംഘപരിവാര്‍ സംഘടനകളുടെ വരവോടെ ആയിരുന്നു; ഇപി ജയരാജന്‍ ചൂണ്ടിക്കാട്ടി.
സാധാരണ പഠന ക്യാംപ്, നേതൃത്വ ക്യാംപ് എന്നൊക്കെ പേരിട്ടിരിക്കുന്ന പരിപാടികളൊക്കെ മാറി ശിബിരവും ബൈഠക്കുകളും ഒക്കെ ആയി മാറുകയാണ്. ക്ഷയിച്ചു കൊണ്ടിരിക്കുന്ന കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് കാത്തിരിക്കുന്ന പ്രവര്‍ത്തകര്‍ക്ക് കോണ്‍ഗ്രസിന്റെ സംഘപരിവാര്‍ പരിണാമമാണ് കാണാനാകുന്നതെന്നും ജയരാജന്‍ വിമര്‍ശിച്ചു.