ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മറ്റി നല്കിയ വോട്ടര്‍ പട്ടിക അപൂര്‍ണ്ണമെന്ന് പരാതി നല്കി ശശി തരൂര്‍.
9000ത്തിലധികം പേരുടെ വോട്ടര്‍ പട്ടികയില്‍ 3000ലേറെ പേരുടെ വിലാസമോ ഫോണ്‍ നമ്ബറോ ലഭ്യമല്ലെന്നാണ് പരാതി. ഇത് തെരഞ്ഞെടുപ്പ് പ്രചാരണം തടസപ്പെടുത്താനുള്ള നീക്കമെന്നാണ് തരൂരിനൊപ്പം നില്ക്കുന്നവര് ആരോപിക്കുന്നത്.
അതേസമയം, പത്രിക പിന്‍വലിക്കാനുള്ള അവസാന ദിനമായിരുന്ന ഇന്നലെ മല്ലികാര്‍ജുന്‍ ഖര്‍ഗെയെയും ശശി തരൂരിനെയും സ്ഥാനാര്‍ഥികളായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. തരൂര്‍ പത്രിക പിന്‍വലിക്കുമെന്ന് രാവിലെ അഭ്യൂഹം പരന്നെങ്കിലും ഇതു നിഷേധിച്ചു രംഗത്തുവന്ന അദ്ദേഹം, വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ തിരഞ്ഞെടുപ്പു സമിതിക്കു പരാതി നല്‍കുമെന്ന് അറിയിച്ചു.
ഈ മാസം 17ന് രഹസ്യ ബാലറ്റ് വഴിയാകും വോട്ടെടുപ്പ്. 19ന് വോട്ടെണ്ണലും നടക്കും. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രത്യേക ബാലറ്റ് വഴി തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ സൗകര്യമൊരുക്കും.
എഐസിസി ആസ്ഥാനത്തും ഭാരത് ജോഡോ ബൂത്തും അടക്കം ആകെ 69 ബൂത്തുകളാണ് സജ്ജീകരിക്കുക