ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഇന്ന്.
മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരും മാത്രമാണ് നിലവില്‍ മത്സരരംഗത്തുള്ളത്. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ കഴിഞ്ഞ ദിവസം തരൂര്‍ തള്ളിയിരുന്നു.
ഖാര്‍ഗെയും പ്രചാരണത്തിനിറങ്ങിയതോടെ തിരഞ്ഞെടുപ്പില്‍ മത്സരം മുറുകുകയാണ്. ഗുജറാത്തിലും മുംബൈയിലും പ്രചാരണം നടത്തിയ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പി.സി.സികള്‍ ഗംഭീര സ്വീകരണമാണ് നല്‍കിയത്. പരസ്യമായി പിന്തുണ നല്‍കരുതെന്ന തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ നിര്‍ദ്ദേശം അവഗണിച്ചാണ് ഖാര്‍ഗെയ്ക്ക് നേതാക്കള്‍ സ്വീകരണം നല്‍കിയത്. ഹൈദരാബാദിലും വിജയവാഡയിലും ഖാര്‍ഗെ ഇന്ന് പ്രചാരണം നടത്തും. തരൂര്‍ ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലും പ്രചാരണം നടത്തും.
അതേസമയം മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് വേണ്ടി രമേശ് ചെന്നിത്തല സജീവമായി പ്രചാരണം നടത്തുന്നുണ്ട്. രമേശ് ചെന്നിത്തല വിവിധ സംസ്ഥാനങ്ങളില്‍ സജീവമാണ്. ഗുജറാത്തിനും മഹാരാഷ്ട്രയ്ക്കും ശേഷം ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്നാട് എന്നിവിടങ്ങളിലും ഖാര്‍ഗെയ്ക്കൊപ്പം അദ്ദേഹം പ്രചാരണത്തിനെത്തും. ഗുജറാത്ത് അടക്കമുള്ള പിസിസികള്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പരസ്യ പിന്തുണ നല്‍കുന്നുണ്ടെന്ന വാദം തെറ്റാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.