ബെംഗളൂരു: കോണ്‍ഗ്രസിന്റെയും ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ച സാമ്ബത്തിക കോടതിയുടെ ഉത്തരവ് കര്‍ണാടക ഹൈക്കോടതി ഡിവിഷന് ബെഞ്ച് റദ്ദാക്കി.
ഇന്ന് ഉച്ചയ്ക്ക് മുമ്ബ് അക്കൗണ്ടിലെ പകര്‍പ്പവകാശ ഗാനത്തോടെയുള്ള ക്ലിപ്പ് നീക്കം ചെയ്യണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കെ.ജി.എഫ് ചാപ്ടര്‍ 2ലെ സംഗീതം ‘ഭാരത് ജോഡോ” ഗാനത്തില്‍ ഉപയോഗിച്ചുവെന്ന എം.ആര്.ടി സ്റ്റുഡിയോസിന്റെ ഹര്‍ജിയിലാണ് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്.
കോണ്‍ഗ്രസിന്റെ ഹര്‍ജിയില്‍ ജസ്റ്റിസുമാരായ ജി.നരേന്ദര്‍, പി.എന്‍.ദേശായി എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് ഇന്നലെ വൈകിട്ട് അടിയന്തര വാദം കേള്‍ക്കുകയായിരുന്നു. അഭിഷേക് സിങ്വിയാണ് കോണ്‍ഗ്രസിനുവേണ്ടി ഹാജരായത്. ഈ ഗാനം ഒക്ടോബര്‍ മുതല്‍ കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഉണ്ടെന്നും എന്നാല്‍ നവംബര്‍ രണ്ടിനാണ് കേസ് നല്കാന് എംആര്‍ടി തയാറായതെന്നും അഭിഷ് സിങ്വി പറഞ്ഞു. കാരണം വിശദീകരിക്കാന്‍ പോലും സമയം നല്‍കാതെ കീഴ്ക്കോടതി ട്വിറ്റര്‍ അക്കൗണ്ട് വിലക്കി ഉത്തരവിടുകയായിരുന്നു. സാമ്ബത്തികനേട്ടത്തിനുവേണ്ടിയല്ല ഗാനം ഉപയോഗിച്ചതെന്നും അഭിഭാഷകന് കോടതിയില്‍ പറഞ്ഞു.
എഐസിസി ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് പോസ്റ്റ് ചെയ്ത 2 വിഡിയോകളില്‍ അനുമതിയില്ലാതെ കെ.ജി.എഫ് ചാപ്ടര്‍ 2ലെ ഗാനം ഉപയോഗിച്ചെന്നായിരുന്നു പരാതി. നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിന്റെ സമൂഹമാധ്യമ ചുമതലയുള്ള സുപ്രിയ ശ്രീനാട്ടെ എന്നിവരെയും പ്രതി ചേര്‍ത്താണ് എംആര്‍ടി മ്യൂസിക് കമ്ബനി പരാതി നല്‍കിയത്.