കൊച്ചി: കോതമംഗലം തട്ടേക്കാട് പുഴയില്‍ ഒരാളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൈകാലുകള്‍ കയര്‍ കൊണ്ട് ബന്ധിച്ച നിലയിലായിരുന്നു മൃതദേഹം.
ഒഴുകിയെത്തിയ മൃതദേഹം പാലത്തിനു സമീപം തടഞ്ഞു നില്ക്കുന്ന നിലയിലായിരുന്നു.
ഇന്നലെ ഉച്ചയോടെയാണ് ആളുകളുടെ ശ്രദ്ധയില്‍പെട്ടത്. മീന്‍ പിടിക്കാന്‍ പുഴക്കടവില്‍ എത്തിയവരാണ് മൃതദേഹം ആദ്യം കണ്ടത്. 45 വയസ് തോന്നിക്കുന്ന പുരുഷന്റേതാണ് മൃതദേഹം. പാന്റും ഷര്‍ട്ടുമാണ് വേഷം.
മൃതദേഹത്തിന് മൂന്ന് ദിവസത്തിലധികം പഴക്കം കാണുമെന്നാണ് നിഗമനം. കോതമംഗലം പൊലീസ് സ്ഥലത്ത് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല.