തിരുവനന്തപുരം: കേരളത്തില്‍ നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും തീവ്രതയാണ് പത്തനംതിട്ടയിലെ കൊലപാതകം തുറന്നുകാട്ടുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്.
ഇതിനെതിരെ പോരാടണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ലോകത്തിലെ സമ്ബത്ത് ആഭിചാര കര്‍മ്മങ്ങളിലൂടെ സൃഷ്ടിക്കപ്പെട്ടതല്ല. ശാസ്ത്രീയമായ ചിന്ത ഉത്പാദനമേഖലയില്‍ പ്രയോഗിച്ചതാണ് ഇതിന് കാരണം. ജീവന്‍റെ ഉത്ഭവത്തെയും പരിണാമത്തെയും കുറിച്ചുള്ള ശരിയായ ധാരണ കൂടുതല്‍ വികാസം പ്രാപിക്കുന്ന കാലഘട്ടമാണിത്. ജീവജാലങ്ങളെ തന്നെ സൃഷ്ടിക്കാന്‍ കഴിയുന്ന വിധത്തില്‍ അത് പരിണമിക്കുകയാണ്. ഈ ഘട്ടത്തിലാണ് പ്രാകൃത വിശ്വാസങ്ങള്‍ക്ക് പിന്നില്‍ ശാസ്ത്രീയ സത്യമുണ്ടെന്നും അതിനാല്‍ രാജ്യം ലോകത്തിന് മാതൃകയാണെന്നും ഉള്ള പ്രചാരണങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നത്. അത്തരം കാഴ്ചപ്പാടുകളെ ചെറുത്തുതോല്‍പ്പിച്ച് മുന്നോട്ടുപോകാന്‍ കഴിയണം.
അന്ധവിശ്വാസങ്ങളെയും ദുരാചാരങ്ങളെയും കേരളീയ സമൂഹത്തില്‍ നിന്ന് തുടച്ചുനീക്കാനുള്ള പോരാട്ടങ്ങളാണ് നവോത്ഥാന പ്രസ്ഥാനങ്ങള്‍ നടത്തിയത്. ദേശീയ പ്രസ്ഥാനവും ഇക്കാര്യത്തില്‍ പ്രധാന പങ്ക് വഹിച്ചു. കര്‍ഷക, തൊഴിലാളി പ്രസ്ഥാനങ്ങള്‍ ഈ പ്രസ്ഥാനത്തെ കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ മുന്നോട്ട് നയിച്ചു. അത്തരം ഇടപെടലുകളുടെ ഫലമായാണ് കേരളത്തില്‍ ഇടതുപക്ഷ മനസ്സ് രൂപപ്പെട്ടത്. ഇതായിരുന്നു ആധുനിക കേരള സമൂഹത്തിന്‍റെ വികസനത്തിന്‍റെ അടിസ്ഥാനം. ഓരോ ഘട്ടത്തിലും സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങളെ ദുര്‍ബലപ്പെടുത്തുന്ന ഇടപെടലുകള്‍ കേരളത്തില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. അതിനെ അതിജീവിച്ചാണ് കേരള സമൂഹം വളര്‍ന്നത്.
ഫ്യൂഡല്‍ മൂല്യങ്ങളുള്ള ഒരു സമൂഹത്തില്‍, സ്വാഭാവികമായും അന്ധവിശ്വാസങ്ങള്‍ക്കും തിന്മകള്‍ക്കും ഒളിത്താവളങ്ങള്‍ ഉണ്ടാകും. മറ്റെന്തിനേക്കാളും മുകളിലാണ് പണമെന്ന കാഴ്ചപ്പാടാണ് മുതലാളിത്ത മൂല്യങ്ങള്‍ മുന്നോട്ട് വയ്ക്കുന്നത്. ആഗോളവല്‍ക്കരണത്തിന്‍റെ നയങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന സാംസ്കാരിക മൂല്യങ്ങളും, എന്ത് ചെയ്തും പണം ഉണ്ടാക്കാനുള്ള പ്രവണതയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണ്. ഇതിനായി നവമാധ്യമങ്ങളെ ഉപയോഗിക്കുകയാണ്. ഇതിലൂടെ, ദുര്‍ബലമായ മനസ്സുകള്‍ ഇത്തരം ക്രൂരകൃത്യങ്ങളിലേക്ക് എത്തിപ്പെടുകയാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.