ഹൈദരാബാദ് : ലോകകപ്പിനിടെ നല്‍കിയ പിന്തുണയ്ക്ക് നന്ദി അറിയിച്ചുകൊണ്ട് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പങ്കുവെച്ച ട്വീറ്റ് തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് പൊലീസ് ഉദ്യോഗസ്ഥ. ‘നന്ദി ബംഗ്ലാദേശ്, കേരളത്തിനും ഇന്ത്യക്കും പാക്കിസ്ഥാനും നന്ദി. നിങ്ങളുടെ പിന്തുണയ്ക്ക് വലിയ നന്ദി’ എന്നായിരുന്നു ടീമിന്റെ ഔദ്യോഗിക ഹാന്‍ഡിലില്‍നിന്നുള്ള ട്വീറ്റ്. ഈ ട്വീറ്റില്‍ കേരളം എന്ന് പ്രത്യേകം നല്‍കിയിരിക്കുന്നത് മാറ്റണമെന്നാണ് ഉത്തര്‍പ്രദേശ് പൊലീസിലെ ഡെപ്യൂട്ടി സൂപ്രണ്ട് അഞ്ജലി കതാരിയ ആവശ്യപ്പെടുന്നത്.
‘കേരളം ഇന്ത്യയിലെ ഒരു സംസ്ഥാനമാണ്. ഇന്ത്യാ രാജ്യത്തിന്റെ അവിഭാജ്യഘടകമായ ഭാഗം, ദയവായി തിരുത്തൂ’- അഞ്ജലി കതാരിയ ട്വീറ്റില്‍ ആവശ്യപ്പെട്ടു. ബംഗ്ലാദേശ്, ഇന്ത്യ, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലെ ആരാധകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പങ്കുവെച്ച ട്വീറ്റാണ് തിരുത്തണമെന്ന് അഞ്ജലി ആവശ്യപ്പെടുന്നത്.