കണ്ണൂര്‍: മലപ്പുറത്ത് എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയ്ക്കെന്ന പേരില്‍ പൊതുജനങ്ങളുടെ കറുത്ത മാസ്‌ക് അഴിപ്പിക്കുന്നതിനെ ന്യായീകരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍.
കറുത്ത മാസ്‌ക് തന്നെ ധരിക്കണമെന്ന് എന്താണിത്ര നിര്‍ബന്ധം. കറുത്ത ഷര്‍ട്ട് ധരിച്ചാണോ എല്ലായിടത്തും പോകുന്നതെന്നും ഇ പി ജയരാജന്‍ ചോദിച്ചു.
കൊച്ചിയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവരെ കറുത്ത വസ്ത്രം ധരിച്ചതിന്റെ പേരില്‍ കസ്റ്റടിയിലെടുത്ത നടപടിയെയും ജയരാജന്‍ ന്യായീകരിച്ചു. അവര്‍ പാവങ്ങളാണ്. അവരെ കൊണ്ടുവന്നത് ബിജെപിക്കാരാണ് എന്നിങ്ങനെയായിരുന്നു ജയരാജന്റെ പ്രതികരണം. കലൂരില്‍ മെട്രോ സ്റ്റേഷന്‍ കെട്ടിടത്തിലെ കാര്‍ക്കിനോസ് ഹെല്‍ത്ത് കെയര്‍ ലബോറട്ടറി ഉദ്ഘാടനത്തിന് മുഖ്യമന്ത്രി എത്തും മുമ്ബ് അഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍മാരും ഇരുനൂറിലേറെ പൊലീസുകാരും ചേര്‍ന്ന് റോഡ് നിയന്ത്രണത്തിലാക്കിയിരുന്നു. മെട്രോ സ്റ്റേഷന്റെ ആലുവ ഭാഗത്തേക്കുള്ള കവാടം അടയ്ക്കുകയും കാല്‍നടയാത്ര തടയുകയും ചെയ്തു. ഇത് ചോദ്യംചെയ്ത ട്രാന്‍സ്ജെന്‍ഡര്‍ അവന്തികയെയും സുഹൃത്തിനെയും ബലമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇരുവരും കറുത്ത വസ്ത്രങ്ങളായിരുന്നു അണിഞ്ഞിരുന്നത്.
കറുത്ത മാസ്ക് പ്രതിഷേധത്തിനായി ഉപയോഗിക്കുന്നു എന്ന് മന്ത്രി എം വി ഗോവിന്ദനും പ്രതികരിച്ചു. മുഖ്യമന്ത്രിയ്ക്ക് ആവശ്യമായ സുരക്ഷ വേണമെന്നും അത് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മാസ്‌ക് മാറ്റുന്നതിന് നിര്‍ദ്ദേശമില്ലെന്നാണ് ജില്ലാ പൊലീസ് മേധാവി അറിയിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും നിര്‍ദ്ദേശമൊന്നുമില്ലെങ്കിലും കറുത്ത തുണി കരിങ്കൊടി പ്രതിഷേധത്തിനായി ഉപയോഗിച്ചാലോ എന്ന ആശങ്കയാണ് കറുത്ത തുണി വിലക്കാന്‍ പൊലീസിനെ പ്രേരിപ്പിക്കുന്നത് എന്ന് സൂചനയുണ്ട്.