ന്യൂഡല്‍ഹി: സ്വന്തം ചിഹ്നമായ ചൂലെടുത്ത് തുടച്ചാലും പോകാത്തത്ര വര്‍ഗീയ മാലിന്യം ബി.ജെ.പിയുടെ ബി ടീം നേതാവ് അരവിന്ദ് കെജ്രിവാളിലുണ്ടെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍.
ലക്ഷ്മി ദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങള്‍ കറന്‍സി നോട്ടുകളില്‍ ഉള്‍പ്പെടുത്തണമെന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആം ആദ്മി പാര്‍ട്ടി ബിജെപി തീറ്റിപ്പോറ്റുന്ന പരിവാര്‍ സംഘടന മാത്രമാണെന്നും അരവിന്ദ് കെജ്രിവാള്‍ അവരുടെ പ്രചാരകന്‍ മാത്രമാണെന്നും വേണുഗോപാല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.
കൊവിഡ് കാലത്ത് ഡല്‍ഹിയിലും തിരഞ്ഞെടുപ്പ് കാലത്ത് ഗോവയിലും കണ്ട വര്‍ഗീയ നയങ്ങളുടെ തുടര്‍ച്ച മാത്രമാണ് കെജ്രിവാള്‍ ഗുജറാത്ത് ലക്ഷ്യമിട്ട് നടത്തുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ഡല്‍ഹിയില്‍ നടക്കുമ്ബോള്‍ നിശബ്ദത പാലിച്ച മുഖ്യമന്ത്രിയാണ് കെജ്രിവാളെന്നും വേണുഗോപാല്‍ പറഞ്ഞു.