തിരുവനന്തപുരം: കോര്‍പറേഷനിലെ താല്‍ക്കാലിക തസ്തികകളിലേക്കു പാര്‍ട്ടിക്കാരെ തിരുകിക്കയറ്റാന്‍ കരാര്‍ നിയമന ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറിക്ക് കത്തയച്ചെന്ന ആരോപണം പൂര്‍ണ്ണമായും തള്ളാതെ മേയര്‍ ആര്യ രാജേന്ദ്രന്‍. കത്ത് നല്‍കിയ തീയതിയില്‍ തിരുവനന്തപുരത്ത് ഉണ്ടായിരുന്നില്ല എന്നത് മാത്രമാണ് മേയറുടെ വിശദീകരണം. കത്ത് എഴുതിയോ ഇല്ലയോ എന്ന് ആര്യാ രാജേന്ദ്രന്‍ വ്യക്തമാക്കിയിട്ടില്ല. വിവാദം പാര്‍ട്ടി അന്വേഷിക്കുന്നുണ്ടെന്നും നേതൃത്വവുമായി ആലോചിച്ച ശേഷം ഔദ്യോഗികമായി പ്രതികരിക്കാമെന്നും മേയര്‍ വ്യക്തമാക്കി.
കത്ത് വ്യാജമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും പറഞ്ഞിട്ടില്ല. ഇത്തരം ഒരു കത്ത് താന്‍ കണ്ടിട്ടില്ലെന്ന് മാത്രമാണ് പ്രതികരിച്ചത്. കത്ത് വ്യാജമാണെന്ന് ഇപ്പോള്‍ പറയാന്‍ ആകില്ലെന്നും ആനാവൂര്‍ നാഗപ്പന്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട മറ്റു നേതാക്കളെ ആരെയും വിളിച്ച് വിശദീകരണം തേടിയിട്ടില്ലെന്നും മേയറോട് സംസാരിച്ച ശേഷം പ്രതികരിക്കാമെന്നും ആനാവൂര്‍ പറയുന്നു.
നഗസഭയിലെ 295 താത്ക്കാലിക തസ്തികകളിലേക്ക് പാര്‍ട്ടിക്കാരെ നിയമിക്കാന്‍ മുന്‍ഗണനാ പട്ടിക ആവശ്യപ്പെട്ട് നവംബര്‍ ഒന്നിനാണ് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് മേയര്‍ കത്തയച്ചത്. അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലേക്കാണ് കരാര്‍ നിയമനം. മേയറുടെ ഔദ്യോഗിക ലെറ്റര്‍ പാഡിലായിരുന്നു കത്ത്.
ഈ കത്ത് സിപിഎം ജില്ലാ നേതാക്കന്മാര്‍ അതാത് വാര്‍ഡുകളിലെ വാട്സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചതോടെയാണ് സംഭവം വിവാദമായത്. മേയറുടെ ഔദ്യോഗിക ലെറ്റര്‍പാഡില്‍ ഈ മാസം ഒന്നിന് അയച്ച കത്ത് ചില പാര്‍ട്ടി നേതാക്കളുടെ വാട്‌സാപ് ഗ്രൂപ്പുകള്‍ വഴിയാണു പരസ്യമായത്. അതേ സമയം തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രനെതിരെ വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കി കോര്‍പറേഷനില്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ നടന്ന താല്‍കാലിക നിയമനങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോര്‍പറേഷനിലെ മുന്‍ കൗണ്‍സിലര്‍ ജി.എസ്.ശ്രീകുമാറാണ് പരാതി നല്‍കിയത്.