ന്യൂഡല്‍ഹി | സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് എതിരെ രാജ്യവ്യാപക റെയഡുമായി സി ബി ഐ. ഓപ്പറേഷന്‍ ചക്ര എന്ന പേരില്‍ ചൊവ്വാഴ്ചയാണ് രാജ്യത്തെ 105 സ്ഥലങ്ങളില്‍ സിബിഐയും സംസ്ഥാന പോലീസും ചേര്‍ന്ന് റെയ്ഡ് നടത്തിയത്.
87 ഇടങ്ങളില്‍ സി.ബി.ഐയും 27 ഇടങ്ങളില്‍ സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ പോലീസും റെയ്ഡിന് നേതൃത്വം നല്‍കി. ആന്‍ഡമാന്‍ നിക്കോബാറിലെ 4 സ്ഥലങ്ങളിലും, ഡല്‍ഹിയില്‍ 5, ചണ്ഡീഗഢില്‍ 3, അസം, കര്‍ണാടക, പഞ്ചാബ് എന്നിവിടങ്ങളിലെ രണ്ട് വീതം സ്ഥലങ്ങളിലും പോലീസ് റെയ്ഡിന് നേതൃത്വം നല്‍കി.
സമീപകാലത്ത് നടന്ന ഏറ്റവും വലിയ റെയ്ഡുകളില്‍ ഒന്നാണിത്. ഇന്റര്‍പോള്‍, എഫ്ബിഐ, റോയല്‍ കനേഡിയന്‍ മൗണ്ടന്‍ പോലീസ്, ഓസ്‌ട്രേലിയന്‍ ഫെഡറല്‍ ഏജന്‍സി എന്നിവയില്‍ നിന്ന് സൈബര്‍ കുറ്റകൃത്യവുമായി ബന്ധപ്പെട്ട ഇന്‍പുട്ടുകള്‍ സിബിഐക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
റെയ്ഡില്‍ രാജസ്ഥാനിലെ ഒരു സ്ഥാപനത്തില്‍ നിന്ന് 1.5 കോടി രൂപയും ഒന്നര കിലോ സ്വര്‍ണവും സിബിഐ കണ്ടെടുത്തതായാണ് വിവരം. ഡിജിറ്റല്‍ തെളിവുകളും സംഘത്തിന് ലഭിച്ചു. സാമ്ബത്തിക ഇടപാടുകള്‍ സംബന്ധിച്ച രേഖകളും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
സിബിഐ അന്വേഷണത്തില്‍ തട്ടിപ്പില്‍ ഉള്‍പ്പെട്ട 2 കോള്‍ സെന്ററുകള്‍ പിടികിട്ടി. പൂനെയിലും അഹമ്മദാബാദിലുമാണ് വ്യാജ കോള്‍ സെന്റര്‍ കണ്ടെത്തിയത്.
സെപ്തംബര്‍ 24-ന് കുട്ടികളുടെ ലൈംഗിക അശ്ലീലചിത്ര കേസില്‍ സിബിഐ ഓപ്പറേഷന്‍ മേഘചക്ര എന്ന പേരില്‍ റെയ്ഡിന് തുടക്കമിട്ടിരുന്നു. ഇതിന് കീഴില്‍ രാജ്യത്തെ 20 സംസ്ഥാനങ്ങളിലായി 26 സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്. സിംഗപ്പൂരില്‍ നിന്ന് ഇന്റര്‍പോള്‍ വഴി സിബിഐക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഈ പരിശോധന.