ദില്ലി: വിശാല പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമാകാനില്ലെന്ന് വ്യക്തമാക്കി ഒഡീഷ മുഖ്യമന്ത്രിയും ബിജു ജനതാദള്‍ നേതാവുമായ നവീന്‍ പട്നായിക്.
2024ലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്നും എല്ലായ്പ്പോഴും തങ്ങളുടെ നയം അതുതന്നെയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട ശേഷമാണ് നവീന്‍ പട്നായിക് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗം മാത്രമാണെന്ന് നവീന്‍ പട്നായിക് പറഞ്ഞു. ബിജെഡി സമദൂര സിദ്ധാന്തം തുടരുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, പാര്‍ട്ടിയുടെ നയം എല്ലായ്പ്പോഴും പാര്‍ട്ടിക്ക് അതിന്റേതായ നയമുണ്ടെന്ന് അദ്ദേഹം മറുപടി നല്‍കി.
76 കാരനായ നവീന്‍ പട്നായിക് ബിജെപിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തെയാണോ കോണ്‍ഗ്രസിനെ ആണോ പിന്തുണയ്ക്കുന്നത് എന്ന കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ല. സമദൂര സിദ്ധാന്തത്തില്‍ മാറ്റമില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രിയും വിശാല പ്രതിപക്ഷ സഖ്യത്തിന്റെ പ്രധാന നേതാക്കളിലൊരാളുമായ നിതീഷ് കുമാറുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം നവീന്‍ പട്നായിക് വ്യക്തമാക്കിയിരുന്നു. 2024-ല്‍ രാജ്യവ്യാപകമായി ബിജെപിക്കെതിരെ നേര്‍ക്കുനേര്‍ മത്സരിക്കാനുള്ള വിശാലപ്രതിപക്ഷ ശ്രമങ്ങള്‍ക്കുള്ള പ്രഹരമാണ് നവീന്‍ പട്നായിക്കിന്റെ പ്രഖ്യാപനം. ബിജെപിയെ മുഖ്യശത്രുവായി പ്രഖ്യാപിച്ച പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായും നവീന്‍ പട്നായിക് കൂടിക്കാഴ്ച നടത്തിയിരുന്നു. 22 വര്‍ഷമായി താന്‍ ഭരണത്തിലിരിക്കുന്ന സംസ്ഥാനത്ത് അക്രമണോത്സുക നീക്കങ്ങള്‍ നടത്തുന്ന ബിജെപിക്ക് തക്ക സന്ദേശം നല്‍കാനാണ് ഒഡീഷ മുഖ്യമന്ത്രി പ്രതിപക്ഷനേതാക്കളെ കാണുന്നതെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. 2008ലാണ് നവീന്‍ പട്നായിക് എന്‍ഡിഎ സഖ്യം ഉപേക്ഷിച്ചത്.