അഹമ്മദാബാദ്: ഗുജറാത്തില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാനൊരുങ്ങി ബിജെപി നേതൃത്വം നല്കുന്ന സംസ്ഥാന സര്‍ക്കാര്‍.
സിവില്‍ കോഡ് നടപ്പാക്കുന്നതിന്റെ വിവിധ വശങ്ങളെക്കുറിച്ച് പഠിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കാന്‍ കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു. ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലായിരിക്കും സമിതി. നാല് അംഗങ്ങളാകും സമിതിയിലുണ്ടാവുക. സമിതി രൂപീകരിച്ച് ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. ഗുജറാത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ബിജെപിയുടെ പുതിയ നീക്കം. നേരത്തേ ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്ന് അവിടുത്തെ സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചിരുന്നു.
ഗുജറാത്തില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച് സമിതിയെ നിയോഗിക്കാമെന്ന് മന്ത്രിസഭായോഗത്തി. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ നിര്‍ദേശിക്കുകയായിരുന്നുവെന്ന് മന്ത്രി ഹര്‍ഷ് സംങ്ഘവി ശനിയാഴ്ച പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന് നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഉടന്‍ പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് കഴിഞ്ഞ ദിവസം നിര്‍ണായക മന്ത്രിസഭാ യോഗം ചേര്‍ന്നത്.
ഇതിനെ ചരിത്രപരമായ തീരുമാനമെന്നാണ് സങ്ഘവി പറഞ്ഞു, “പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും പിന്തുണയോടെ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ചരിത്രപരമായ തീരുമാനമെടുത്തിട്ടുണ്ട്”.
പ്രഖ്യാപനത്തിന് ശേഷം, സംസ്ഥാനത്ത് ഏകീകൃത സിവില്‍ കോഡിന്റെ ആവശ്യകത പരിശോധിക്കാന്‍ വിരമിച്ച സുപ്രീം കോടതി അല്ലെങ്കില്‍ ഹൈക്കോടതി ജഡ്ജിയുടെ കീഴില്‍ ഒരു ഉന്നതതല സമിതി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ഗുജറാത്തി ഭാഷയില്‍ ട്വീറ്റ് ചെയ്തു. “സംസ്ഥാനത്ത് ഏകീകൃത സിവില്‍ കോഡിന്റെ ആവശ്യകത പരിശോധിച്ച് ഈ കോഡിന്റെ കരട് തയ്യാറാക്കാന്‍ വിരമിച്ച സുപ്രീം കോടതി/ഹൈക്കോടതി ജഡ്ജിയുടെ അധ്യക്ഷതയില്‍ ഉന്നതതല സമിതി രൂപീകരിക്കാന്‍ ഇന്ന് ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തില്‍ സുപ്രധാനമായ തീരുമാനമെടുത്തിട്ടുണ്ട്. ,” മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന തിരഞ്ഞെടുപ്പിന്റെ തീയതി അടുത്തയാഴ്ച പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ പട്ടേലിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ അവസാന യോഗമായിരിക്കും ഇതെന്നാണ് സൂചന.