ടെഹ്റാന്: ഹിജാബ് ശരിയായി ധരിച്ചില്ല എന്ന് ആരോപിച്ച് പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും മര്‍ദിക്കുകയും ചെയ്ത 22 കാരിയായ മഹ്സ അമിനിയുടെ മരണത്തില്‍ പ്രതിഷേധിച്ച് ഇറാനില്‍ തെരുവിലിറങ്ങി സ്ത്രീകളുടെ പ്രതിഷേധം.
നിരവധി സ്ത്രീകള്‍ ശനിയാഴ്ച പടിഞ്ഞാറന്‍ ഇറാനില്‍ തെരുവിലിറങ്ങി പരസ്യമായി ഹിജാബ് അഴിച്ചു മാറ്റി പ്രതിഷേധിക്കുകയായിരുന്നു. ‘ഏകാധിപതിക്ക് മരണം’ എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ടായിരുന്നു പ്രതിഷേധക്കാര്‍ ശിരോവസ്ത്രം അഴിച്ച് ഉയര്‍ത്തി വീശിയത്. ഒടുവില്‍ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ സുരക്ഷാസേനയ്ക്ക് ടിയര്‍ ഗ്യാസ് പ്രയോഗിക്കേണ്ടി വന്നു. മഹ്സ അമിനിയുടെ മരണത്തില്‍ പടിഞ്ഞാറന്‍ ഇറാനില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.
സെപ്തംബര്‍ 17നായിരുന്നു മഹ്സ് അമിനി എന്ന 22 വയസ്സുകാരി പോലീസ് കസ്റ്റഡിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ഹിജാബ് നിയമം ലംഘിച്ചെന്ന പേരിലാണ് മഹ്സയെ ടെഹ്റാനില്‍നിന്ന് ഇറാനിലെ ‘സദാചാര പോലീസ്’ ആയ ‘ഗഷ്തെ ഇര്‍ഷാദ്’ അറസ്റ്റ് ചെയ്തത്. എന്നാല്‍ അറസ്റ്റിന് പിന്നാലെ ആശുപത്രിയില്‍ ചികിത്സയിലായ മഹ്സ വെള്ളിയാഴ്ച മരണപ്പെട്ടു. പോലീസിന്റെ മര്‍ദനമാണ് യുവതിയുടെ മരണത്തിന് കാരണമായതെന്നാണ് ആരോപണം. അറസ്റ്റ് ചെയ്തതിന് പിന്നാലെ മഹ്സയ്ക്ക് തലയ്ക്ക് മര്‍ദനമേറ്റെന്നും ഇതാണ് മരണത്തിന് കാരണമായതെന്നുമാണ് പരാതി.