ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ കവചത്തിന്റെ ഭാഗം
ന്യൂഡല്‍ഹി : 5,000 കിലോമീറ്റര്‍ അകലെ നിന്ന് വിക്ഷേപിക്കുന്ന ശത്രുക്കളുടെ ബാലിസ്റ്റിക് മിസൈലുകള്‍ തകര്‍ക്കാന്‍ ശേഷിയുള്ള ഇന്ത്യയുടെ എ.ഡി – 1 ഇന്റര്‍സെപ്റ്റര്‍ മിസൈലിന്റെ പരീക്ഷണം വിജയിച്ചു.
ഒഡീഷ തീരത്തെ എ.പി.ജെ അബ്ദുള്‍ കലാം ഐലന്‍ഡില്‍ ബുധനാഴ്ചയാണ് പ്രതിരോധ ഗവേഷണ ഏജന്‍സിയായ ഡി.ആര്.ഡി.ഒ മിസൈല്‍ പരീക്ഷിച്ചത്.
ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ കവചത്തിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമാണ് എ.ഡി -1 മിസൈല്‍. ശത്രുവിന്റെ ബാലിസ്റ്റിക് മിസൈലുകളും യുദ്ധവിമാനങ്ങളും നശിപ്പിക്കും.
ആദ്യ ഘട്ടത്തില്‍ 2,000 കിലോമീറ്റര്‍ പ്രഹര പരിധിയുള്ള മിസൈലാണ് ഡി.ആര്.ഡി.ഒ വികസിപ്പിച്ചത്. പുതിയ പരീക്ഷണത്തോടെ 5,000 കിലോമീറ്റര്‍ പ്രഹരപരിധിയിലെ ഏത് മിസൈലും നശിപ്പിക്കാനുള്ള കരുത്ത് ഇന്ത്യ നേടിയതായി ഡി.ആര്.ഡി.ഒ അറിയിച്ചു.
2025 ഓടെ എ.ഡി – 1 ഉള്‍പ്പെടുന്ന ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വിന്യസിക്കാമെന്നാണ് കരുതുന്നത്. അന്തര്‍വാഹികള്‍, കര, ആകാശം, യുദ്ധക്കപ്പല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മിസൈല്‍ വിക്ഷേപണങ്ങള്‍ തിരിച്ചറിയുന്ന ലോംഗ് റേഞ്ച് ട്രാക്കിംഗ് റഡാറുകളും ഇതില്‍ ഉള്‍പ്പെടുന്നു.
എ.ഡി – 1
ദീര്‍ഘദൂര ഇന്റര്‍സെപ്റ്റര്‍ മിസൈല്‍
ബാലിസ്റ്റിക് മിസൈല്‍ കവചത്തിന്റെ രണ്ടാം ഘട്ടത്തിലെ ആദ്യ ഇന്റര്‍സെപ്റ്റര്‍ മിസൈല്‍.
രണ്ടാം മിസൈലായ എ.ഡി – 2 നിര്‍മ്മാണത്തില്‍
തദ്ദേശീയ കണ്ട്രോള് സിസ്റ്റം, നാവിഗേഷന്‍, ഗൈഡന്‍സ് അല്‍ഗരിതം എന്നിവ മിസൈലിനെ കൃത്യമായി ലക്ഷ്യത്തില്‍ എത്തിക്കും
രണ്ട് ഘട്ടങ്ങളിലായി ഖര ഇന്ധനം ഉപയോഗിക്കുന്ന രണ്ട് എന്‍ജിനുകള്‍
ഭൗമാന്തരീക്ഷത്തിലും പുറത്തും മിസൈലുകളും യുദ്ധവിമാനങ്ങളും തകര്‍ക്കും