തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എയ്ക്ക് അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
എല്‍ദോസ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കേസില്‍ എം.എല്‍.എയെ കസ്റ്റഡിയിലെടുത്ത് കുടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമാണ് സര്‍ക്കാര്‍ വാദം.
കഴിഞ്ഞതവണ ഹരജി പരിഗണിച്ച കോടതി എല്‍ദോസ് കുന്നപ്പിള്ളിലിന് നോട്ടീസ് അയച്ചിരുന്നു. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹരജിയില്‍ വാദം കേള്‍ക്കുക. കര്‍ശന ഉപാധികളോടെ തിരുവനന്തപുരം അഡിഷണല്‍ സെഷന്‍സ് കോടതിയാണ് എല്‍ദോസിന് ജാമ്യം അനുവദിച്ചത്. കേസുമായി ബന്ധപ്പെട്ട് എല്‍ദോസിനെ ഇന്ന് ആലുവയിലെ സുഹൃത്തിന്റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും.
അതിനിടെ, കേസില്‍ അഭിഭാഷകരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ അഭിഭാഷകര്‍ ഹൈക്കോടതി നടപടികള്‍ ബഹിഷ്‌ക്കരിച്ചിരുന്നു. ഹൈക്കോടതി അഭിഭാഷക അസോസിയേഷനാണ് ബഹിഷ്‌ക്കരിച്ചത്. ഇതോടെ ഹൈക്കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ സ്തംഭിച്ചിരുന്നു. ഇന്നലെ പരിഗണിക്കേണ്ട കേസുകള്‍ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു.
ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കാടി അഭിഭാഷകരുടെ ഓഫിസില്‍ എത്തിയപ്പോള്‍ പരാതിക്കാരിയെ എല്‍ദോസ് കുന്നപ്പിള്ളില്‍ ആക്രമിച്ചെന്ന കേസിലാണ് പൊലീസ് എം.എല്‍.എയുടെ മൂന്ന് അഭിഭാഷകരെയും പ്രതിചേര്‍ത്തത്. അഡ്വ. സുധീര്‍, അഡ്വ. അലെക്‌സ്, അഡ്വ. ജോസ് എന്നിവര്‍ക്കെതിരെയാണ് കേസ്.