ഗാസിയാബാദ്: നവംബര്‍ മൂന്നിന് ഗാസിയാബാദിലെ കെട്ടിടത്തില്‍ നിന്ന് വീണ് യുവാവ് മരിച്ച സംഭവം കൊലപാതകമാണെന്ന് ആരോപിച്ച് കുടുംബം രംഗത്ത്.
കുടുംബത്തിന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
എഞ്ചിനീയറിങ് വിദ്യാര്‍ഥിയായ ഹാര്‍ദിക് വാട്സ് കോളജ് വിട്ട ശേഷം മൂന്നുമണിയോടെ വീട്ടിലേക്ക് വരുന്നുവെന്ന് ഫോണ്‍ വിളിച്ച് അറിയിച്ചതായി കുടുംബാംഗങ്ങള്‍ പറഞ്ഞു.
ഏകദേശം 4.45 ഓടെ അജ്ഞാതനായ ഒരാള്‍ ഹാര്‍ദികിന്റെ ഫോണില്‍ നിന്ന് കുടുംബാംഗങ്ങളെ വിളിച്ച് സിദ്ധാര്‍ഥ് വിഹാറിലെ അപെക്സ് സൊസൈറ്റിയിലേക്ക് എത്താന്‍ ആവശ്യപ്പെടുകയായിരുന്നു. കുടുംബാംഗങ്ങള്‍ അവിടെയെത്തിയപ്പോഴേക്കും യുവാവിനെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയും ചെയ്തു.
19ാം നിലയില്‍ നിന്നാണ് ഹാര്‍ദിക് വീണതെന്ന് പ്രദേശ വാസികള്‍ പറഞ്ഞു. സി.സി.ടി.വിയില്‍ ഹാര്‍ദിക് വീഴുന്നത് കാണുന്നുണ്ടെങ്കിലും എങ്ങനെ സംഭവിച്ചുവെന്നത് വ്യക്തമല്ല. ഹാര്‍ദികിന്റെ ബന്ധുക്കളോ പരിചയക്കാരോ ആ സൊസൈറ്റിയില്‍ താമസിക്കുന്നില്ലെന്നും എന്തിനാണ് അവന് അവിടേക്ക് ചെന്നതെന്ന് അറിയില്ലെന്നും കുടുംബാംഗങ്ങള്‍ പറയുന്നു.