ബംഗളൂരു: ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റ ഇന്ത്യന്‍ വംശജന്‍ ഋഷി സുനക് കര്‍ണാടകയുടെ മരുമകന്‍. ഐ.ടി ഭീമന്മാരായ ഇന്‍ഫോസിസിന്റെ സഹസ്ഥാപകനായ എന്‍.ആര്‍.
നാരായണമൂര്‍ത്തിയുടെയും എഴുത്തുകാരി സുധ മൂര്‍ത്തിയുടെയും മകള്‍ അക്ഷത മൂര്‍ത്തിയാണ് ഋഷിയുടെ ഭാര്യ. ഇരുവരുടെയും വിവാഹം 2009 ആഗസ്റ്റ് 30ന് ബംഗളൂരുവിലെ ദ ലീലാ പാലസ് ഹോട്ടലില്‍ വെച്ചായിരുന്നു. ഏറ്റവും അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും പ്രമുഖ വ്യക്തികളെയും ഉള്‍പ്പെടുത്തി മൂന്നുദിവസം നീളുന്ന ആഘോഷമായാണ് അന്ന് ആ വിവാഹം അരങ്ങേറിയത്. ഐ.ടി രംഗത്തെ പ്രമുഖരായ അസിം പ്രേംജി, നന്ദന്‍ നിലേകനി, ക്രിസ് ഗോപാലകൃഷ്ണന്‍, എസ്.ഡി. ഷിബുലാല്‍, ക്രിക്കറ്റ് താരങ്ങളായ രാഹുല്‍ ദ്രാവിഡ്, അനില്‍ കുംബ്ലെ, ബാഡ്മിന്റണ്‍ ഇതിഹാസം പ്രകാശ് പദുക്കോണ്‍, അന്തരിച്ച നടനും നാടകകൃത്തുമായ ഗിരീഷ് കര്‍ണാട്, മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയവര്‍ അന്ന് വിവാഹ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ബ്രാഹ്മണ ആചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങുകള്‍. നാരായണ മൂര്‍ത്തിയുടെ അടുത്ത സുഹൃത്തുക്കളിലൊരാളായ ബയോകോണ്‍ എം.ഡി കിരണ്‍ മജുംദാര്‍ ഷോയുടെ ബംഗ്ലാവില്‍ വെച്ചായിരുന്നു ആഗസ്റ്റ് 28ന് വിവാഹത്തിന്റെ മെഹന്തി ചടങ്ങുകള്‍. പിറ്റേദിവസം ജയനഗറിലെ ചാമരാജ് കല്യാണ മണ്ഡപത്തില്‍ വരപൂജ. 30ന് ലീലാപാലസില്‍ താലികെട്ട്.
യു.എസിലെ സ്റ്റാന്‍ഫോഡ് സര്‍വകലാശാലയില്‍ എം.ബി.എക്ക് പഠിക്കവെയാണ് ഇരുവരും തമ്മില്‍ കണ്ടുമുട്ടുന്നതും പ്രണയിതരാവുന്നതും. 42 കാരനായ ഋഷി ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ കര്‍ണാടകയും സന്തോഷത്തിലാണ്.
സുധ മൂര്‍ത്തിയുടെ നാടായ ഹുബ്ബള്ളിയിലാണ് അക്ഷത ജനിച്ചതും വളര്‍ന്നതും. ഇന്‍ഫോസിസില്‍ 5000 കോടി മൂല്യമുള്ള ഓഹരി അക്ഷതയുടെ പേരിലുണ്ട്. ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായതില്‍ സന്തോഷമുണ്ടെന്നും ബ്രിട്ടനിലെ ജനങ്ങള്‍ക്കായി നല്ലതുചെയ്യാന്‍ ഋഷിക്ക് കഴിയുമെന്നും നാരായണ മൂര്‍ത്തി പറഞ്ഞു. കാലം പൂര്‍ണമായും തിരിഞ്ഞു വന്നുവെന്നായിരുന്നു മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. 200 വര്‍ഷത്തോളം ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചു. ഒരുനാള്‍ ഒരു ഇന്ത്യക്കാരന്‍ തങ്ങളെ ഭരിക്കുമെന്ന് അവര്‍ സ്വപ്നത്തില്‍പോലും വിചാരിച്ചിട്ടുണ്ടാവില്ല. കാലചക്രം മുഴുവനായി തിരിഞ്ഞുവരുന്നു- അദ്ദേഹം പറഞ്ഞു. ഋഷി സുനക് കര്‍ണാടകയുമായി ബന്ധപ്പെട്ടുകിടക്കുന്നുവെന്ന് ജെ.ഡി-എസ് നിയമസഭ കക്ഷി നേതാവ് എച്ച്.ഡി. കുമാരസ്വാമി ട്വീറ്റ് ചെയ്തു. ഇന്ത്യയും ബ്രിട്ടനുംതമ്മിലെ ബന്ധത്തില്‍ പുതിയ തുടക്കം കുറിക്കാന്‍ അദ്ദേഹത്തിന്റെ ഭരണത്തിന് കഴിയട്ടെ എന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ പറഞ്ഞു.